കനത്ത തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം തകർന്നു

By Web DeskFirst Published Jul 12, 2018, 7:23 PM IST
Highlights
  • മൂന്ന് തൊഴിലാളികള്‍ കടലിലകപ്പെട്ടു
  • തീരദേശ പൊലീസിന്റെ ബോട്ടെത്തി കരക്കെത്തിച്ചു
     

ഹരിപ്പാട്: അഴീക്കൽ തീരത്തിന് പടിഞ്ഞാറ് മത്സ്യബന്ധനം വളളം തിരയിൽപ്പെട്ട് തകർന്നു. തൊഴിലാളികളെ തീരദേശപൊലീസിന്റെ ബോട്ടെത്തി രക്ഷിച്ചു. തൃക്കുന്നപ്പുഴ കൊച്ചുപറമ്പിൽ(കൊച്ചുകുളഞ്ഞിയിൽ) രാജേഷിന്റെ ഉടമസ്ഥയിലുളള 'കണ്ണാത്തി' വളളമാണ്  തകർന്നത്. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ കാറ്റിനൊപ്പം ഉയർന്നുപൊന്തിയ തിരയിൽ വളളം മറിയുകയായിരുന്നു.

തൃക്കുന്നപ്പുഴ തുണ്ടിൽവീട്ടിൽ സുഭാഷ്(43), സുമിത്ത് (20), കളളിക്കാട് ബിനുഭവനത്തിൽ ബിനു(കുട്ടൻ-42) എന്നീ തൊഴിലാളികളാണ് വളളത്തിൽ ഉണ്ടായിരുന്നത്. വളളത്തിൽ പിടിച്ചുകിടന്ന ഇവരെ അഴീക്കൽ നിന്നും തീരദേശ പൊലീസിന്റെ ബോട്ടെത്തി രക്ഷിക്കുകയായിരുന്നു. മൂന്നും പേർക്കും നിസാരപരിക്കുകളുണ്ട്.

ഒൻപത് എച്ച്.പി.യുടെ രണ്ട് ഔട്ട് ബോർഡ് എൻജിൻ ഉൾപ്പെടെ വളളം പൂർണ്ണമായും തകർന്നു. ജി.പി.എസും വയർലസ് സിസ്റ്റമുൾപ്പെടെയുളള ഉപകരണങ്ങളും നശിച്ചു. ഏകദേശം ആറുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. 

click me!