തുംകൂരിൽ ഭർത്താവ് മരിച്ച് 19-ാം ദിവസം ഭാര്യ കാമുകനെ വിവാഹം കഴിച്ചു. ഭർതൃസഹോദരിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ, ഹൃദയാഘാതമെന്ന് കരുതിയ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. 

ബെം​ഗളൂരു: മരണത്തിന്റെ സങ്കടം മാറും മുമ്പ്, കൃത്യമായി പറഞ്ഞാൽ ഭർത്താവ് മരിച്ച് പത്തൊൻപതാം ദിവസം ഭാര്യ മറ്റൊരു വിവാഹം കഴിച്ചാൽ ആർക്കായാലും സംശയം തോന്നില്ലേ. കർണാടകയിലെ തുംകൂരിൽ ആ സംശയമാണ് ഇപ്പോൾ ഒരു കൊടുംപാതകത്തിന്റെ ചുരുളഴിച്ചിരിക്കുന്നത്. അൻപതുകാരനായ പരമേഷിന്റേത് ഒരു സ്വാഭാവിക മരണമായിരുന്നില്ല. സ്വന്തം ഭാര്യ ആശയും അവളുടെ ആൺസുഹൃത്തും ചേർന്ന് ഇല്ലാതാക്കിയതാണ് ആ ജീവൻ. മരണവിവരം നാട്ടുകാരെ അറിയിച്ചതും, കരഞ്ഞുവിളിച്ച് ആ മൃതദേഹം മറവ് ചെയ്തതും പ്രതികൾ തന്നെയായിരുന്നു. ദിവസങ്ങൾക്ക് ശേഷം ആ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ, വിശ്വാസവഞ്ചനയുടെ ഏറ്റവും ഭയാനകമായ മുഖമാണ് പുറത്തുവരുന്നത്.

തുംകൂരു ദാസറഹള്ളിയിലെ പരമേഷിന്റ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്. മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തതോടെയാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. സംഭവത്തിൽ പരമേഷിന്റെ ഭാര്യ ആശ, അവരുടെ ആൺസുഹൃത്ത് ചന്ദ്രപ്പ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്ദ്രപ്പയെ വിവാഹം കഴിക്കാൻ വേണ്ടി ആശ ആസൂത്രണം ചെയ്തതാണ് കൊലപാതകം എന്നും പൊലീസ് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം ഏറ്റതോടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പരമേഷ് മരിച്ച് പത്തൊമ്പതാം ദിവസം ആശ ചന്ദ്രപ്പയെ വിവാഹം കഴിച്ചതോടെ സഹോദരി നന്ദിത പൊലീസിനെ സമീപിക്കുകയായിരുന്നു.

പരമേഷിന്റെ മരണകാരണം ഹൃദ്രോഗമാണെന്ന ആശയുടെ വിശദീകരണത്തിൽ തൃപ്തിയില്ലെന്നും അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം. തുട‍ർന്നാണ് പൊലീസ് തഹസിൽദാറുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടത്തിൽ പരമേഷിന്റെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബോധ്യപ്പെട്ടു. ചന്ദ്രപ്പയുമായുള്ള അടുപ്പത്തിന് തടസം നിന്നതോടെ ഇരുവരും ചേർന്ന് പരമേഷിനെ തലയിണ മുഖത്തമർത്തി കൊലപ്പെടുത്തുകയായിരുന്നു. പരമേഷിന് ഹൃദയാഘാതമായിരുന്നെന്നാണ് ആശ നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞത്. തുടർന്ന് ചന്ദ്രപ്പയെ വിവാഹം കഴിക്കുകയായിരുന്നു. ആദ്യം വിവാഹം പരിഞ്ഞ ശേഷം പരമേഷിനെ പുനർവിവാഹം ചെയ്യുകയായിരുന്നു കാറ്ററിംഗ് സ്ഥാപനം നടത്തുകയായിരുന്ന ആശ. കുനിഗൽ സ്വദേശിയാണ് ചന്ദ്രപ്പ.