ആര്‍പ്പോ....  ഇറ്... റോ... ; നാളെ ചമ്പക്കുളം മൂലം വള്ളം കളി

web desk |  
Published : Jun 27, 2018, 08:10 PM ISTUpdated : Oct 02, 2018, 06:48 AM IST
ആര്‍പ്പോ....  ഇറ്... റോ... ; നാളെ ചമ്പക്കുളം മൂലം വള്ളം കളി

Synopsis

കേരള പൊലീസ് ടീം ആദ്യമായി മത്സരിക്കുന്ന വള്ളംകളിയെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ ചമ്പക്കുളം മൂലം വളളം കളിയ്ക്ക്. 

ആലപ്പുഴ:  വള്ളംകളി പ്രേമികള്‍ക്ക് ഇനി ഉത്സവകാലം. ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിയോടെ ജലോത്സവ മേളകള്‍ക്ക് തുടക്കമാകുന്നു. ഇത്തവണ മുതല്‍ ആചാരനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ചമ്പക്കുളം വള്ളംകളിയും ആറന്‍മുള ഉത്രട്ടാതിയും ഒഴികെയുള്ള  ജലോത്സവങ്ങള്‍  കേരളാ ബോട്ട് റേസ് ലീഗില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. 

പമ്പയാറ്റില്‍ നടക്കുന്ന വള്ളംകളിയില്‍ രാജപ്രമുഖന്‍ ട്രോഫിയുടെ അവകാശികളാകാന്‍ കടുത്ത പരിശീലനത്തിലാണ് ഓരോ ടീമും. പുന്നമട നെഹ്‌റുട്രോഫി വള്ളംകളിക്ക് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ടായി മാറും മൂലം വള്ളംകളി. കേരള പൊലീസ് ടീം ആദ്യമായി മത്സരിക്കുന്ന വള്ളംകളിയെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ ചമ്പക്കുളം മൂലം വളളം കളിയ്ക്ക്. 

ആറ് ചുണ്ടന്‍വള്ളങ്ങളാണ് മത്സരത്തിനുള്ളത്. ആദ്യ ഹീറ്റ്‌സില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബിന്‍റെ ചെറുതന ഒന്നാം ട്രാക്കിലും കേരള പൊലീസ് ടീമിന്‍റെ കാട്ടില്‍ തെക്കേതില്‍ രണ്ടാം ട്രാക്കിലും മത്സരിക്കും. രണ്ടാം ഹീറ്റ്‌സില്‍ ഒന്നാം ട്രാക്കില്‍ വേമ്പനാട് ബോട്ട് ക്ലബ് കുമരകത്തിന്‍റെ നടുഭാഗവും മൂന്നാം ട്രാക്കില്‍ എന്‍സിഡിസി കുമരകം തുഴയുന്ന കരുവാറ്റ ശ്രീവിനായകനും തമ്മിലാണ് മത്സരം. 

മൂന്നാം ഹീറ്റ്‌സില്‍ ഒന്നാം ട്രാക്കില്‍ പമ്പാ ബോട്ട് ക്ലബിന്‍റെ സെന്റ് ജോര്‍ജും രണ്ടാം ട്രാക്കില്‍ യുബിസി കൈനകരിയുടെ ചമ്പക്കുളവും മാറ്റുരയ്ക്കും. ചുണ്ടന് പുറമേ വെപ്പ് എ ഗ്രേഡില്‍ പുളിക്കത്ര ഷോട്ട്, ജയ് ഷോട്ട് മാലിയില്‍, മണലി എന്നിവയും ബി ഗ്രേഡില്‍ പുന്നത്ര പുരയ്ക്കല്‍, ഏബ്രഹാം മൂന്നുതൈക്കന്‍, ഇരുട്ടുകുത്തി എ ഗ്രേഡില്‍ തുരുത്തിത്തറ, പടക്കുതിര, ഡായി നമ്പര്‍ 1 എന്നിവയും ബി ഗ്രേഡില്‍ സെന്‍റ് സെബാസ്റ്റ്യന്‍, ഡാനിയേല്‍, താണിയന്‍ എന്നിവയും മത്സരിക്കും.

ഐതീഹ്യം

വള്ളംകളികളില്‍ ആറന്മുള കഴിഞ്ഞാല്‍ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ചമ്പക്കുളം മൂലം വള്ളംകളി. പമ്പാനദിയിലാണ് ഈ വള്ളംകളി നടക്കുന്നത്. മലയാള മാസമായ മിഥുനത്തിലെ മൂലം നാളിലാണ് ഈ വള്ളംകളി നടക്കുക. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെടുത്തിയാണ്, ചമ്പക്കുളം പമ്പാനദിയില്‍ വര്‍ഷംതോറും വള്ളംകളി നടത്തുന്നത്. 

ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണന്‍ രാജപുരോഹിതന്‍റെ ഉപദേശം അനുസരിച്ച് അമ്പലപ്പുഴയില്‍ ഒരു ക്ഷേത്രം പണിതു. പക്ഷേ വിഗ്രഹത്തിന്‍റെ പ്രതിഷ്ഠയ്ക്കു മുന്‍പ് വിഗ്രഹത്തിന്‍റെ സ്ഥാപനത്തിന്  തൊട്ടുമുന്‍പ് വിഗ്രഹം ശുഭകരമല്ല എന്ന് അദ്ദേഹം അറിഞ്ഞു. ഈ വിഗ്രഹത്തിന് പകരം ചങ്ങനാശ്ശേരിക്ക് അടുത്തുള്ള കുറിച്ചിയിലെ കരിംകുളം ക്ഷേത്രത്തില്‍ നിന്നും ശ്രീകൃഷ്ണ വിഗ്രഹം കൊണ്ടുവരികയാണ് പരിഹാരം എന്നും അറിഞ്ഞു. 

കുറിച്ചിയിലെ വിഗ്രഹം അര്‍ജ്ജുനന് ശ്രീകൃഷ്ണന്‍ നേരിട്ട് സമ്മാനിച്ചത് ആണെന്നായിരുന്നു വിശ്വാസം. കരിംകുളം ക്ഷേത്രത്തില്‍ നിന്നും അമ്പലപ്പുഴയിലേയ്ക്ക് തിരിച്ചുവരുന്ന വഴി രാജാവും മന്ത്രിമാരും മറ്റുള്ളവരും ചമ്പക്കുളത്ത് രാത്രി ചിലവഴിച്ച് പൂജകള്‍ നടത്തുവാന്‍ തീരുമാനിച്ചു. പിറ്റേ ദിവസം രാവിലെ വിഗ്രഹത്തെ അനുഗമിക്കുവാനായി നിറപ്പകിട്ടാര്‍ന്ന വള്ളങ്ങളും തോരണങ്ങളുമായി പ്രദേശത്തെ ധാരാളം ജനങ്ങള്‍ എത്തിച്ചേര്‍ന്നു. 

വള്ളങ്ങളുടെ വര്‍ണാഭമായ ഒരു ഘോഷയാത്ര വിഗ്രഹത്തെ അനുഗമിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ഈ സംഭവം ഉത്സാഹത്തോടെ പുനരവതരിക്കപ്പെടുന്നു. ജലത്തിലൂടെയുള്ള ഒരു വര്‍ണാഭമായ ഘോഷയാത്രയും നിറപ്പകിട്ടാര്‍ന്ന രൂപങ്ങളും ദൃശ്യങ്ങളും വഹിക്കുന്ന വള്ളങ്ങളും, വള്ളത്തില്‍ കെട്ടിയുണ്ടാക്കിയ പ്രതലത്തില്‍ നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നവരും കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്നു. ഈ ഘോഷയാത്രയ്ക്ക് ശേഷമാണ് എല്ലാ വര്‍ഷവും വള്ളംകളി നടക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ
നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'