ആനയിറങ്ങലില്‍ ബോട്ടിങ്ങ് നിർത്തി; സ്വൈരവിഹാരം നടത്തി കാട്ടാനക്കൂട്ടം

By web deskFirst Published May 28, 2018, 7:35 PM IST
Highlights
  • സഞ്ചാരികള്‍ക്ക് കൗതുക കാഴ്ച്ചയായി കാട്ടാന കൂട്ടം പ്രത്യക്ഷപ്പെടുന്ന പ്രദേശമാണ് ആനയിറങ്കല്‍.

ഇടുക്കി: ആനയിറങ്ങല്‍  ജലാശയത്തില്‍ ജലനിരപ്പ് ഗണ്യമായി കുറഞ്ഞത് വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. അവധിക്കാലം ആസ്വാദിക്കുവാന്‍ ആയിരകണക്കിന് സന്ദര്‍ശകരാണ് ആനയിറങ്ങള്‍ ജലാശയത്തില്‍ ഒഴുകിയെത്തുന്നത്. സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിച്ചതോടെ ജലാശയത്തില്‍ ഹൈഡല്‍ ടൂറിസം വകുപ്പ് ബോട്ടിംങ്ങ് ആരംഭിക്കുകയും ചെയ്തിരുന്നു.  ജംഗാര്‍ ബോട്ടുകള്‍, കുട്ടവഞ്ചി, നാല് സ്പീഡ് ബോട്ടുകളാണ് സന്ദര്‍ശകര്‍ക്കായി വകുപ്പ് ഒരുക്കിയത്. 

എന്നാല്‍ ആനയിറങ്ങള്‍ മേഖലയില്‍ വേനല്‍ മഴയെത്താന്‍ വൈകിയതോടെ വൈദ്യുതി ഉല്‍പാദനത്തിനായി ജലാശയത്തിലെ വെള്ളം തുറന്നുവിടുകയായിരുന്നു. കുത്തുങ്കല്‍ പവ്വര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനാണ് അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടത്. ഇതോടെ ഹൈഡല്‍ ടൂറിത്തിന് ലഭിച്ചുകൊണ്ടിരുന്ന വരുമാനം കുറയുകയും ചെയ്തു. അണക്കെട്ടില്‍ വെള്ളം കുറഞ്ഞതോടെ വകുപ്പ് ബോട്ടിംങ്ങ് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബോട്ടിംങ്ങ് നിലച്ചതോടെ ഹൈഡല്‍ ടൂറിസം വകുപ്പിന് പ്രതിദിനം ലഭിച്ചുകൊണ്ടിരുന്ന വരുമാനം മൂന്നിലൊന്നായി കുറഞ്ഞിരിക്കുകയാണ്.

ഒരുദിവസം ഇരുപത് മുതല്‍ മുപ്പതുവരെ ഉണ്ടായിരുന്ന വരുമാനം നിലച്ചതോടെ ജീവനക്കാരെ പലരെയും മറ്റിടങ്ങളിലേക്ക് മാറ്റുകയും ചെയ്തു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ തേക്കടിയിലേക്ക് പോകുന്ന സന്ദര്‍ശകരാണ് ആനയിങ്ങളില്‍ എത്തുന്നത്. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ ജലാശയത്തിന്‍റെ മനോഹാരിത കാണാന്‍ വീണ്ടും രണ്ടുമാസം കാത്തിരിക്കേണ്ടിവരും.

മിക്ക ദിവസങ്ങളിലും നിരവധി കാട്ടാനകളാണ് ആനയിറങ്ങല്‍ ജലാശയത്തിലെത്തുന്നത്. കുട്ടിയാനക്കൊപ്പം കൂട്ടവുമായി ജലനിരപ്പ് താഴ്ന്ന ആനയിറങ്കല്‍ ജലാശയത്തില്‍ മേഞ്ഞുനടക്കുന്ന കാട്ടാനകൂട്ടം സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ച്ചയാണ്.  സഞ്ചാരികള്‍ക്ക് കൗതുക കാഴ്ച്ചയായി കാട്ടാന കൂട്ടം പ്രത്യക്ഷപ്പെടുന്ന പ്രദേശമാണ് ആനയിറങ്കല്‍. കാട്ടാനകളുടെ ആവാസ കേന്ദ്രമായാണ് ആനയിറങ്ങള്‍ ജലാശയം അറിയപ്പെടുന്നത്. ജലാശയത്തില്‍ വെള്ളം കുറഞ്ഞതോടെ തളിര്‍ത്തുനില്‍ക്കുന്ന പുല്ലുകള്‍ ഭക്ഷിക്കുന്നതിനാണ് കുട്ടിയാനകള്‍ക്കൊപ്പം ഇവ എത്തുന്നത്. ഉച്ചതിരിഞ്ഞെത്തുന്ന കാട്ടാനകള്‍ മേടുകളില്‍ കുസൃതികാട്ടിയും കളിച്ചും വൈകുന്നേരത്തോടെയാണ് കാട്ടിലേക്ക് മടങ്ങുന്നത്.

click me!