മാലേഗാവ് സ്ഫോടനം: പ്രതികളെ വെറുതെവിട്ടതിനെതിരെ അപ്പീല്‍ നല്‍കി

By Web DeskFirst Published Nov 18, 2016, 6:40 PM IST
Highlights

മുംബൈ: 31 പേര്‍ കൊല്ലപ്പെട്ട 2006 മാലേഗാവ് സ്ഫോടനക്കേസില്‍ അറസ്റ്റുചെയ്തവരെ കുറ്റക്കാരല്ലെന്നുകണ്ട് വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെ മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.  മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ച എട്ടു മുസ്ലീം ചെറുപ്പക്കാരെ കേസില്‍ പ്രതികളെല്ലുന്നകണ്ട്  2016 ഏപ്രിലിലാണ് കോടതി വിട്ടയച്ചത്.

2006 മാലേഗാവ് സ്ഫോടനക്കേസില്‍ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത എട്ടുപേരെയാണ് കോടതി വിട്ടയച്ചത്. നിരോധിത സംഘടനയായ സിമി പ്രവര്‍ത്തകരെയായിരുന്നു ഇവര്‍. ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത ഒന്‍പതുപേരില്‍ ഒരാള്‍ വിചാരണ കാലയളവില്‍ മരണപ്പെട്ടു. എടിഎസ് അറസ്റ്റ് ചെയതവര്‍ക്ക് സ്ഫോടനത്തില്‍ പങ്കില്ലെന്ന് കണ്ടാണ് വിചാരണ കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്. 2011ല്‍ കേസ് ഏറ്റെടുത്ത എന്‍ഐഎയും എടിഎസ്സിന്റെ അന്വേഷണം തെറ്റായിരുന്നു എന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകളാണ് സ്ഫോടനത്തിനു പിന്നില്‍ എന്ന് കണ്ടെത്തിയ എന്‍ഐഎ നാലുപേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ മഹാരാഷ്‌ട്ര  എടിഎസിന്റെ  കണ്ടെത്തല്‍ ശരിയായിരുന്നു എന്ന നിലപാടിലാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍. വിചാരണ കോടതി വിട്ടയച്ച എട്ടുപേര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഹര്‍ജിയോട് പ്രതികരിക്കാന്‍ എട്ടുപേര്‍ക്ക് കോടതി നാല് ആഴ്ചത്തെ സമയം നല്‍കി.  2006 സെപ്റ്റംബര്‍ എട്ടിനാണ് സൈക്കിളുകളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് മുപ്പത്തിയൊന്നുപേര്‍ കൊല്ലപ്പെടുകയും 312 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.

click me!