അസം മുൻ പിസിസി അധ്യക്ഷൻ ഭുപെൻ ബോറ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുമെന്നും പാർട്ടിയുടെ പക്കൽ പണമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തെ അദ്ദേഹം വിമർശിച്ചു

ഗുവാഹത്തി: കോൺഗ്രസിൻ്റെ മുൻ സംസ്ഥാന അധ്യക്ഷൻ ബിജെപിയിൽ ചേർന്നു. അസം പിസിസി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള ഭുപെൻ ബോറയാണ് ബിജെപിയിൽ ചേർന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അസമിൽ കോൺഗ്രസ് പരാജയപ്പെടുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടിയുടെ പക്കൽ പണമില്ലെന്നും പറഞ്ഞാണ് ഭുപെൻ ബോറ പാർട്ടി വിട്ടത്.

Add Asianetnews as a Preferred SourcegooglePreferred

ബിജെപി രാജ്യത്തിനായി പ്രവർത്തിക്കുന്നുവെന്ന് ബോധ്യപ്പെട്ടാണ് ഹിമന്ത ബിശ്വ ശർമ നേരത്തെ പാർട്ടി വിട്ടതെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായെ നേരിൽ കണ്ട ശേഷം തനിക്കും ഇക്കാര്യം ബോധ്യമായി. അസമിൽ കോൺഗ്രസിന് മുസ്ലിം വിഭാഗത്തിന് മേധാവിത്വമുള്ള 25 സീറ്റുകളിൽ മാത്രമാണ് താത്പര്യം. ആ സീറ്റുകൾ മാത്രം ജയിക്കാനാണ് ശ്രമം. ധുബ്രി എംപി റാകിബുൾ ഹുസൈൻ്റെ താത്പര്യത്തിന് അനുസരിച്ചാണ് പാർട്ടി സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത് എന്നും ഭുപെൻ ബോറ പ്രതികരിച്ചു.

കഴിഞ്ഞ ആഴ്ചയാണ് ബോറ പാർട്ടി നേതൃസ്ഥാനം രാജിവെച്ചത്. തുടർന്ന് സംസ്ഥാന നേതാക്കൾ ബോറയുടെ വീട്ടിലെത്തി സംസാരിക്കുകയും രാഹുൽ ഗാന്ധിയടക്കം ഇദ്ദേഹത്തോട് ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. പിന്നീട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇദ്ദേഹത്തിൻ്റെ വീട്ടിലെത്തിയ ശേഷമാണ് ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്. തൻ്റെ ചോദ്യങ്ങൾ കോൺഗ്രസ് നേതൃത്വത്തെ അസ്വസ്ഥരാക്കിയെന്നും അതാണ് കോൺഗ്രസ് നേതാക്കളുമായുള്ള ചർച്ച പരാജയപ്പെടാൻ കാരണമെന്നുമായിരുന്നു ഭുപെൻ ബോറ പറയുന്നത്.