
ദില്ലി: നോട്ട് അസാധുവാക്കിയ വിഷയത്തിൽ ഇന്നും പാർലമെന്‍റിന്‍റെ ഇരുസഭകളിലും ചർച്ച നടന്നില്ല. ചർച്ചയ്ക്കു തയ്യാറാണെന്ന് പ്രതിപക്ഷം ലോക്സഭയിൽ വ്യക്തമാക്കിയപ്പോൾ ആദ്യം മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷം ബഹളം വച്ചു. വൻ കുംഭകോണം തുറുന്നു കാട്ടുമെന്നും ലോക്സഭയിൽ താൻ സംസാരിച്ചു കഴിയുമ്പോൾ വൻ ഭൂകമ്പം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ദൈവത്തെയോർത്ത് ജോലി ചെയ്യൂ എന്ന രാഷ്ട്രപതിയുടെ ഉപദേശം പാഴായി. ഇരുസഭകളിലും ഇന്നു ബഹളം തുർന്നു. ചർച്ചയ്ക്കു തയ്യാറാണെന്ന് പതിനൊന്ന് മണിക്ക് വ്യക്തമാക്കിയ കോൺഗ്രസ് ചട്ടം മാറ്റി വച്ചുള്ള ചർച്ച വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇത്രയും നാൾ സഭ തടസ്സപ്പെടുത്തിയതിന് ആദ്യം മാപ്പു പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു
രാഹുൽ ഗാന്ധിക്ക് സംസാരിക്കാനുള്ള അവസരം കിട്ടാനായിരുന്നു കോൺഗ്രസ് ശ്രമം. പ്രധാനമന്ത്രി പാർലമെന്‍റില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രകമ്പനം പോലും ഉണ്ടാക്കാത്ത രാഹുൽ എന്ത് ഭൂകമ്പം ഉണ്ടാക്കാനാണെന്ന് വാർത്താവിതരണ മന്ത്രി വെങ്കയ്യ നായിഡു ചോദിച്ചു. മഹാദുരന്തമാണ് നോട്ട് അസാധുവാക്കലിലൂടെ സർക്കാർ ക്ഷണിച്ചു വരുത്തിയിരിക്കുന്നതെന്ന് മുൻപ്രധാനമന്ത്രി മൻമോഹൻസിംഗ് ഒരു ഇംഗ്ലീഷം പത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.
കള്ളപ്പണം ആരും കറൻസിയായി സൂക്ഷിക്കുന്നില്ല എന്ന് വ്യക്തമാക്കിയ മൻമോഹൻസിംഗ് സാധാരണക്കാരൻ ബാങ്കുകൾക്ക് മുന്നിൽ കാത്തു നില്ക്കുന്ന കാഴ്ച സങ്കടകരമാണെന്ന് വ്യക്തമാക്കി. ഒത്തുതീർപ്പിന് തയ്യാറാണെന്ന് ലോക്സഭയിൽ പറഞ്ഞ കോൺഗ്രസ് എന്നാൽ രാജ്യസഭയിൽ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം മുഴക്കി. രാഹുൽ സംസാരിച്ച ശേഷം സഭ തടസ്സപ്പെടുത്തുകയാണ് പ്രതിപക്ഷം തന്ത്രം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ഇത് തടസ്സപ്പെടുത്തിയതെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam