സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി തങ്കരാജ് മരിച്ചു. ക്രിസ്മസ് തലേന്ന് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ താരത്തിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

കോട്ടയം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്. സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചതോടെയാണ് പൊലീസ് നടപടികൾ കടുപ്പിക്കുന്നത്. സിദ്ധാര്‍ത്ഥിനെതിരെ കൂടുതല്‍ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി. സിദ്ധാർത്ഥ് പ്രഭുവിന്‍റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശിയായ തങ്കരാജാണ് മരിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു തങ്കരാജ്. ക്രിസ്മസ് തലേന്ന് രാത്രിയിലാണ് മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ച സിദ്ധാർത്ഥ് പ്രഭു തങ്കരാജിനെ ഇടിച്ചിട്ടത്. തങ്കരാജിന്‍റെ തലയ്ക്ക് ആയിരുന്നു പരിക്കേറ്റത്.

എംസി റോഡിൽ അപകടം

എംസി റോഡിൽ കോട്ടയം നാട്ടകത്ത് ആയിരുന്നു അപകടം ഉണ്ടായത്. അപകട ശേഷം നാട്ടുകാരുമായും പൊലീസുമായും സിദ്ധാര്‍ഥ് പ്രഭു വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. അന്ന് ചിങ്ങവനം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. വൈദ്യപരിശോധനയിൽ സിദ്ധാർത്ഥ് പ്രഭു മദ്യപിച്ചിരുന്നു എന്ന് തെളിഞ്ഞിരുന്നു.