കളി ഇത് പോരാ, ബ്രസീല്‍ ടീമില്‍ മാറ്റം വേണമെന്ന് ആരാധകര്‍

By Web DeskFirst Published Jun 29, 2018, 12:26 PM IST
Highlights
  • ജീസസിന് പകരം ഫിര്‍മിനോയെ കൊണ്ടു വരണമെന്നാണ് പ്രധാന ആവശ്യം

മോസ്കോ: രണ്ടു വിജയവും ഒരു സമനിലയുമായി തെറ്റില്ലാത്ത പ്രകടനം നടത്തി ബ്രസീല്‍ ടീം ലോകകപ്പിന്‍റെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. പക്ഷേ, മഞ്ഞപ്പടയുടെ ഈ പ്രകടനങ്ങള്‍ക്ക് ഒന്നും കാനറി ആരാധകരെ സംതൃപ്തരാക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് സത്യം. ലോകകപ്പ് നേടണമെങ്കില്‍ ഇതുകൊണ്ടായില്ലെന്ന് അവര്‍ പരസ്യമായി തന്നെ പറയുന്നു.

പ്രധാന വിമര്‍ശനം ഗോളുകള്‍ കൂടുതല്‍ സ്കോര്‍ ചെയ്യാന്‍ സാധിക്കാത്തതിനെതിരായാണ്. അവസരങ്ങള്‍ ഇതിനകം ഒരുപാട് തുലച്ച ഗബ്രിയേല്‍ ജീസസിന് പകരം ഫിർമിനോയെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഇതോടെ ശക്തമായിക്കഴിഞ്ഞു. മൂന്ന് കളിയിൽ ഗബ്രിയേൽ ജീസസ് പാഴാക്കിയ അവസരങ്ങൾക്ക് കണക്കില്ല.

ഏറെ പ്രതീക്ഷിച്ചയോടെ കളത്തിലിറക്കിയ ഒമ്പതാം നമ്പര്‍ താരത്തിന് തുടർച്ചയായി ഉന്നംപിഴച്ചപ്പോൾ ബ്രസീൽ കിതച്ചു, ആരാധകരുടെ നിലതെറ്റി. ടിറ്റെ പരിശീലകനായതിന് ശേഷം ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് ജീസസ്. റഷ്യയിലേക്കെത്തിയപ്പോൾ പക്ഷേ കളിമാറി. ജീസസിന് പകരം ലിവർപൂൾ താരം ഫിർമിനോയെ കളിപ്പിക്കണമെന്നാണ് വിവിധ കോണുകളിൽ ഇപ്പോള്‍ നിന്നുയരുന്ന ആവശ്യം.

ഫിർമിനോ പകരക്കാരനായി എത്തിയപ്പോഴൊക്കെ ബ്രസീലിയൻ മുന്നേറ്റത്തിന്‍റെ മൂർച്ച കൂടിയെന്നും ഇവർ പറയുന്നു. മികവുള്ള താരങ്ങൾ ടീമിലുണ്ടെങ്കിൽ താരതമ്യം സ്വാഭാവികമാണെന്നും പരിശീലകനാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നുമാണ് ജീസസിന്‍റെ മറുപടി. ഇക്കാര്യത്തിൽ കോച്ച് ടിറ്റെയുടെ മറുപടി ഇങ്ങനെ. പ്രതീക്ഷകളല്ല, യാഥാർഥ്യമാണ് പ്രധാനം.

സ്ട്രൈക്കർ എപ്പോഴും ഗോൾ നേടണമെന്നില്ല. കഴിഞ്ഞ കഴിയിൽ ഡിഫൻഡർ തിയാഗോയാണ് ഗോൾ നേടിയത്. സ്ട്രൈക്കറുടെ മികവ് പുറത്തുവരാൻ സെക്കൻഡുകൾ മതി. അപ്രതീക്ഷിത കാര്യങ്ങൾ സംഭവിക്കുന്നതാണ് ഫുട്ബോളിന്‍റെ സൗന്ദര്യെമെന്ന് ബ്രസീലിന്‍റെ ആശാന്‍ പറഞ്ഞു. 

click me!