കസാനില്‍ വെള്ളം കുടിച്ച് മഞ്ഞപ്പട

Web Desk |  
Published : Jul 07, 2018, 12:19 AM ISTUpdated : Oct 02, 2018, 06:43 AM IST
കസാനില്‍ വെള്ളം കുടിച്ച് മഞ്ഞപ്പട

Synopsis

മഞ്ഞപ്പട രണ്ടു ഗോളിന് പിന്നില്‍

കസാന്‍:ആക്രമണത്തിന്‍റെ പുതു പാഠങ്ങള്‍ ബെല്‍ജിയം ബ്രസീലിന് പഠിപ്പിച്ചപ്പോള്‍ ക്വാര്‍ട്ടറിന്‍റെ ആദ്യപകുതിയില്‍ അടിപതറി മഞ്ഞപ്പട. കസാനില്‍ രണ്ടു ഗോളുകള്‍ക്ക് പിന്നിലായപ്പോയ നെയ്മര്‍ക്കും സംഘത്തിനും ഇനി തിരിച്ചു വരണമെങ്കില്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളും കെവിന്‍ ഡിബ്രുയിന്‍റെ കിടിലന്‍ ഗോളുമാണ് മുന്നിലെത്താന്‍ ചുവപ്പന്‍ പട്ടാളത്തെ സഹായിച്ചത്.

സമര്‍ദം ചെലുത്തി എതിരാളികളെ തുടക്കത്തിലെ പ്രശ്നത്തിലാക്കാനുള്ള ശ്രമങ്ങളാണ് ഇരുടീമുകളും തുടക്കത്തില്‍ നടത്തിയത്. ഫെര്‍ണാണ്ടീഞ്ഞോയെ നിഷ്ഭ്രമമാക്കി കെവിന്‍ ഡി ബ്രുയിന്‍ ഒരു ഷോട്ട് പായിച്ചെങ്കിലും അലിസണ് അധ്വാനിക്കേണ്ടി വന്നില്ല. ആദ്യം ഒന്ന് പകച്ചെങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത ബ്രസീല്‍ അഞ്ചാം മിനിറ്റില്‍ ആദ്യ പ്രഹരം ഏല്‍പ്പിക്കുമെന്ന് തോന്നിച്ചു.

നെയ്മര്‍ എടുത്ത കോര്‍ണറില്‍ തിയാഗോ സില്‍വയുടെ ഹെഡ്ഡര്‍ ഗോള്‍ ബാറില്‍ തട്ടിത്തെറിച്ചു. അതിന്‍റെ കൗണ്ടറില്‍ ലുക്കാക്കുവിന്‍റെ മുന്നേറ്റം ബ്രസീലിന്‍റെ പ്രതിരോധത്തിലെ വിള്ളലുകള്‍ തുറന്നു കാട്ടി. പക്ഷേ, സുവര്‍ണ തലമുറയുടെ പ്രഭാവമുള്ള ചുവന്ന ചെകുത്താന്മാര്‍ക്കെതിരെ തുടര്‍ച്ചയായി കാനറികള്‍ ആക്രമണം അഴിച്ചു വിട്ടു.

പൗളീഞ്ഞോയുടെ രണ്ടു ഗോള്‍ ശ്രമങ്ങള്‍ കോര്‍ട്ടിയസിന്‍റെ ഭാഗ്യം കൊണ്ടാണ് ലക്ഷ്യത്തിലേക്കെത്താതെ ഇരുന്നത്. 13-ാം മിനിറ്റില്‍ ബെല്‍ജിയം ആദ്യ ഗോള്‍ സ്വന്തമാക്കി. കോര്‍ണറില്‍ തലവെച്ചപ്പോള്‍ ഫെര്‍ണാണ്ടീഞ്ഞോയ്ക്ക് പിഴച്ചു, കാനറികള്‍ക്ക് പണി പാളിയ സെല്‍ഫ് ഗോള്‍ പിറന്നു. പക്ഷേ, ഒരു ഗോള്‍ വഴങ്ങിയതിന്‍റെ ആഘാതമൊന്നും മഞ്ഞപ്പടയുടെ പിന്നീടുള്ള കളിയില്‍ കണ്ടില്ല. കുടീഞ്ഞോയും നെയ്മറുമെല്ലാം യൂറോപ്യന്‍ ടീമിന്‍റെ ബോക്സിലേക്ക് ഇരച്ചു കയറി.

നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് കാനറികള്‍ക്ക് ഗോള്‍ നേടാന്‍ സാധിക്കാതെ പോയത്. മറുപുറത്ത് കൗണ്ടറുകള്‍ ആയിരുന്നു ഹസാര്‍ഡിന്‍റെയും സംഘത്തിന്‍റെയും ആയുധം. 23-ാം മിനിറ്റില്‍ ബ്രസീല്‍ നായകന്‍ മിറാന്‍ഡയെ കബളിപ്പിച്ച ലുക്കാക്കുവിന്‍റെ കിടിലന്‍ മുന്നേറ്റം ഗോള്‍ ആകാതെ പോയത് മഞ്ഞപ്പടയുടെ ഭാഗ്യം കൊണ്ട് മാത്രമാണ്.

31-ാം മിനിറ്റില്‍ കാനറി പോസ്റ്റില്‍ രണ്ടാം ഗോളും ബെല്‍ജിയം നിക്ഷേപിച്ചു. അതിന്‍റെ എല്ലാ മാര്‍ക്കും നല്‍കേണ്ടകത് ലുക്കാക്കുവിനാണ്. ലുക്കാക്കുവിന്‍റെ പാസ് ലഭിച്ച കെവിന്‍ ഡുബ്രുയിന്‍ അലിസണ് കെെയ്യെത്തിപ്പിടിക്കാനാവാത്ത ഷോട്ട് പായിച്ചു. കീഴടങ്ങുന്ന പ്രകൃതമല്ല തങ്ങള്‍ക്ക് എന്ന വിളിച്ചു പറഞ്ഞായിരുന്നു ബ്രസീല്‍ വീണ്ടും മുന്നേറ്റം നടത്തിയത്.

ജീസസിന്‍റെ ഒരു ഹെഡ്ഡറും കുടീഞ്ഞോയുടെ ഒരു ലോംഗ് ഷോട്ടും പുറത്തു പോയത് അവരുടെ നിര്‍ഭാഗ്യമായി. 40-ാം മിനിറ്റില്‍ ഡിബ്രുയിനെ തൊടുത്ത ഒരു ഫ്രീകിക്ക് അലിസണ്‍ തട്ടിയകറ്റിയില്ലായിരുന്നെങ്കില്‍ കസാനിലെ ആദ്യപകുതി മഞ്ഞപ്പടയ്ക്ക് ദുരന്തം നിറഞ്ഞ ഓര്‍മയായി മാറിയേനെ. ബെല്‍ജിയത്തിന്‍റെ ബോക്സ് വരെ പന്തെത്തിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ജീസസിന് പിഴയ്ക്കുന്നതാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഗവർണറുമായി ഏറ്റുമുട്ടാനില്ല', നയം മാറ്റം സമ്മതിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി; വിസി നിയമനത്തിലെ സമവായത്തിന് പിന്നാലെ വിശദീകരണം
ഒന്നര ലക്ഷം സീരിയൽ ബൾബുകളുമായി ഫോർട്ട് കൊച്ചിയിലെ മഴ മരം പൂത്തുലയും; നിറം ഏതെന്നറിയാൻ ആകാംക്ഷയിൽ ആയിരങ്ങൾ