
മോസ്കോ: ഒരു സമനില മാത്രം മതിയായിരുന്നു മഞ്ഞപ്പടയ്ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍. അങ്ങനെ കടന്നു കൂടാന്‍ തങ്ങളില്ലെന്നുള്ള മുന്നറിയിപ്പ് എതിരാളികള്‍ക്ക് നല്‍കി നിര്‍ണായക മത്സരത്തില്‍ ബ്രസീലിന് മിന്നും വിജയം. യൂറോപ്പിന്‍റെ കരുത്തമായെത്തിയ സെര്‍ബിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കാനറികള്‍ക്കായി പൗളീഞ്ഞോയും തിയാഗോ സില്‍വയും ഗോളുകള്‍ പേരിലെഴുതി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡും കോസ്റ്റാറിക്കയും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതമാണ് സ്വന്തമാക്കിയത്. ഡെസ്മൈലിയും ഡ്രമിക്കുമാണ് സ്വിറ്റ്സര്‍ലാന്‍റിനായി സ്കോര്‍ ചെയ്തപ്പോള്‍ വാസ്റ്റണ്‍ ഗോള്‍ മടക്കി. അവസാന മിനിറ്റില്‍ സോമറിന്‍റെ സെല്‍ഫ് ഗോള്‍ സ്വിസിന്‍റെ വിജയം തട്ടിത്തെറിപ്പിച്ചു. ബ്രസീലിന് പിന്നാലെ രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്സര്‍ലാന്‍റും പ്രീക്വാര്‍ട്ടറിലേക്ക് കടന്നു.
ലാറ്റിനമേരിക്കന്‍ കരുത്ത്
ലാറ്റിനമേരിക്കയുടെ സൗന്ദര്യം ആവാഹിച്ചെത്തിയ മഞ്ഞപ്പടയുടെ കടലിരമ്പമായിരുന്നു മോസ്കോയിലെ സ്പാര്‍ട്ട് സ്റ്റേഡിയത്തില്‍ നടക്കുന്ന കളിയുടെ ആദ്യ നിമിഷങ്ങളില്‍. ബ്രസീലിനെ തടഞ്ഞു നിര്‍ത്താന്‍ സെര്‍ബിയക്ക് പലപ്പോഴും പരുക്കന്‍ അടവുകള്‍ പ്രയോഗിക്കേണ്ടി വന്നു. പക്ഷേ ബ്രസീലിനുള്ള തിരിച്ചടി അതിവേഗം വന്നു. ഒമ്പതാം മിനിറ്റില്‍ തന്നെ പ്രതിരോധ നിര താരം മാഴ്സലോയെ പരിക്കേറ്റത് മൂലം പിന്‍വലിച്ചു.
പ്രതിരോധത്തിനൊപ്പം മഞ്ഞപ്പടയുടെ ആക്രമണങ്ങളുടെയും കുന്തുമുനയായിരുന്നു വിംഗിലൂടെ പാഞ്ഞു കയറുന്ന റയല്‍ മാഡ്രിഡ് താരം. മാഴ്സലോയ്ക്ക് പകരം ഫിലിപ്പേ ലൂയിസിനെയാണ് ടിറ്റെ കളത്തിലിറക്കിയത്. ആക്രമണം ഒന്ന് അയഞ്ഞെങ്കിലും മഞ്ഞപ്പട വീണ്ടും കുതിച്ചെത്തി. 25-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസും നെയ്മറും നടത്തിയ നീക്കത്തിനൊടുവില്‍ നെയ്മര്‍ ഷോട്ട് ഉതിര്‍ത്തെങ്കിലും സെര്‍ബിയന്‍ ഗോള്‍ കീപ്പര്‍ വ്ളാംദിര്‍ സ്റ്റോജ്കോവിക് തട്ടിയകറ്റി.
34-ാം മിനിറ്റില്‍ മഞ്ഞപ്പട ഒന്ന് ഞെട്ടി. ടാഡിക്കിന്‍റെ പാസ് ബോക്സിന്‍റെ മധ്യത്തില്‍ കിട്ടിയ മിട്രോവിക് ഒരു അക്രോബാറ്റിക് ശ്രമം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.പകരത്തിന് പകരമെന്നോണം ബ്രസീലിന്‍റെ അടുത്ത മുന്നേറ്റം കലാശിച്ചത് പൗളീഞ്ഞോയുടെ ഗോളിലാണ്. ഫിലിപ്പോ കുടീഞ്ഞോ നീട്ടി നല്‍കിയ ത്രൂ ബോളില്‍ വണ്‍ ടച്ച് ചെയ്ത് പൗളീഞ്ഞോ സുന്ദരന്‍ ചിപ്പിലൂടെ പന്ത് വലയില്‍ കയറ്റി. തിരിച്ചടി നേരിട്ട സെര്‍ബിയ സമനില ഗോളിനായി പൊരുതിയെങ്കിലും കാര്യമുണ്ടായില്ല. രണ്ടു കോര്‍ണറുകള്‍ നേടിയെടുത്ത് ഒരു ഗോള്‍ നേടാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും മഞ്ഞപ്പട കൃത്യമായി പ്രതിരോധിച്ചു.
അടിക്ക് തിരിച്ചടി
രണ്ടാം പകുതിയില്‍ കുറച്ച് കൂടെ ഒത്തൊരുമയോടെ കളിക്കുന്ന സെര്‍ബിയയെയാണ് കളത്തില്‍ കണ്ടത്. മിലന്‍കോവിക്കും സാവിക്കും ചേര്‍ന്നുള്ള മുന്നേറ്റത്തിനൊടുവില്‍ ബോക്സിലേക്ക് വന്ന പന്ത് മിറാന്‍ഡ അടിച്ചകറ്റി. തൊട്ട് പിന്നാലെ കൗണ്ടര്‍ അറ്റാക്കില്‍ കുടീഞ്ഞോയുടെ സുന്ദരന്‍ പാസുമായി കയറി വന്ന നെയ്മറിന്‍റെ ദുര്‍ബല ഷോട്ട് സെര്‍ബിയന്‍ ഗോളി തടഞ്ഞു.
ഇതിന് പിന്നാലെ നിരന്തര മുന്നേറ്റങ്ങളാണ് ബ്രസീലിയന്‍ ബോക്സിലേക്ക് സെര്‍ബിയ നടത്തിയത്. ഇതോടെ മഞ്ഞപ്പട ആകെ ഒന്ന് ഉലഞ്ഞു. ടാഡിക്കും ജാജിക്കും എല്ലാം നടത്തിയ ശ്രമങ്ങള്‍ ഗോള്‍ ആകാതെ ഇരുന്നത് കാനറികളുടെ ഭാഗ്യം കൊണ്ട് മാത്രമാണ്. പക്ഷേ, അധിക സമയത്തേക്ക് യൂറോപ്യന്മാരുടെ അപ്രമാദിത്വം നീണ്ടില്ല. 68-ാം മിനിറ്റില്‍ മഞ്ഞപ്പട രണ്ടാം ഗോളും പേരിലെഴുതി. നെയ്മര്‍ എടുത്ത കോര്‍ണറില്‍ ഉയര്‍ന്നു ചാടി തലവെച്ച തിയോഗോ സില്‍വയ്ക്ക് പിഴച്ചില്ല, ഇടിവെട്ട് ഹെഡ്ഡര്‍ വലയില്‍.
ഇതോടെ സെര്‍ബിയന്‍ പടയുടെ പോരാട്ടത്തിന്‍റെ ആര്‍ജവം ഒക്കെ നിലച്ചു. 82-ാം മിനിറ്റില്‍ വില്ലിയന്‍ ഒരുക്കിക്കൊടുത്ത പാസില്‍ നെയ്മറിനും ഗോള്‍ നേടാന്‍ അവസരം ലഭിച്ചതാണ്. പക്ഷേ, സൂപ്പര്‍ താരത്തിന്‍റെ ഷോട്ട് പ്രശ്നങ്ങള്‍ സൃഷ്ടിക്കാതെ പുറത്തേക്ക് പോയി. ആക്രമിച്ചും പ്രത്യാക്രമണം നടത്തിയും തുടര്‍ന്നുള്ള സമയത്ത് ഇരു ടീമുകളും കളത്തില്‍ നിറഞ്ഞതോടെ കളിയുടെ ആവേശത്തിന് കുറവ് വന്നില്ല.
ഒരു ഗോള്‍ എങ്കിലും സ്കോര്‍ ചെയ്യാനായിരുന്നു സെര്‍ബിയയുടെ ശ്രമം. അവസാന നിമിഷങ്ങളില്‍ നിരനധി അവസരങ്ങളാണ് നെയ്മര്‍ എന്ന താരത്തെ തേടി വന്നത്. എന്നാല്‍, ലക്ഷ്യത്തിലേക്ക് തൊടുക്കാന്‍ പിഎസ്ജി താരത്തിന് സാധിച്ചില്ല. ഒടുവില്‍ റഫറിയുടെ അവസാന വിസില്‍ മുഴങ്ങി. വര്‍ധിത വീര്യത്തോടെ മഞ്ഞപ്പട പ്രീക്വാര്‍ട്ടറിലേക്ക്... സെര്‍ബിയ നാട്ടിലേക്കും...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam