ഐഎസ് കൊടുംഭീകര 'വെളുത്ത വിധവ' കൊല്ലപ്പെട്ടു

By Web DeskFirst Published Oct 12, 2017, 5:01 PM IST
Highlights

ഡമസ്കാസ്: ഐഎസ് തീവ്രവാദികള്‍ക്കിടയിലെ പേടിസ്വപ്നം വെളുത്ത വിധവ എന്ന് അറിയപ്പെടുന്ന സാലി ജോണ്‍സ് കൊല്ലപ്പെട്ടു. റക്കയിലേക്ക് പാലായനം ചെയ്യുമ്പോള്‍ മായാഡിനില്‍ വെച്ച് അമേരിക്കന്‍ ആളില്ല വിമാനത്തിന്‍റെ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം തന്നെ ഇവരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയിട്ടില്ല എന്നതിനാല്‍ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കാന്‍ അമേരിക്ക മടിക്കുകയാണ്. കഴിഞ്ഞ ജൂണിലാണ് ഈ ആക്രമണം നടന്നത് എന്നാണ് റിപ്പോര്‍ട്ട്.

2013 ല്‍ ബ്രിട്ടനില്‍ നിന്നും സിറിയയിലേക്ക് കുടിയേറിയ സാലി ഐഎസിന്റെ ഹാക്കര്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജുനൈദിനെ വിവാഹം ചെയ്തതിന് പിന്നാലെയാണ് സിറിയയിലേക്ക് പോയത്. എന്നാല്‍ 2015 ല്‍ ജുനൈദ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് ഇവര്‍ വൈറ്റ് വിഡോ എന്നറിയപ്പെടാന്‍ തുടങ്ങിയത്. 

പിന്നീട് ഹുസൈന്‍ അല്‍ബ്രിട്ടാണി എന്ന പേരില്‍ ബ്രിട്ടീഷ് യുവാക്കളെ ഐഎസിലേക്ക് ചേര്‍ക്കുന്ന ജോലി ചെയ്തു വരികയായിരുന്നു. ജുനൈദിനെ വിവാഹം കഴിച്ച് ഐഎസിലേക്ക് ചേക്കേറുമ്പോള്‍ സാലിയുടെ 11 കാരന്‍ മകനുമുണ്ടായിരുന്നു. ഇയാളും കൊല്ലപ്പെട്ടെന്ന് സംശയമുണ്ട്. എന്നാല്‍ ഇയാള്‍ക്ക് എന്തു പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

മകന്‍ ജോ ഐഎസില്‍ ചൈല്‍ഡ് ഫൈറ്ററായി പ്രവര്‍ത്തിക്കുകയാണെന്നും അബു അബ്ദുള്ള ബ്രിട്ടാനി എന്ന പേരില്‍ ഐഎസില്‍ സൈനികരെ കൊല്ലാനായി ജോ നിയോഗിക്കപ്പെട്ടിരിക്കുകയാണെന്നും വിവരമുണ്ടായിരുന്നു. കൊല്ലപ്പെടേണ്ട കൊടും ഭീകരരുടെ പട്ടികയില്‍ പേര് ഉള്‍പ്പെട്ടതോടെ മൂന്നു വര്‍ഷമായി ലോകം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളില്‍ ഒന്നായി വൈറ്റ്‌വിഡോ മാറിയിരുന്നു. 

ജൂലൈയില്‍ ഐഎസിന്‍റെ ക്യാമ്പില്‍ നിന്നും തിരികെ ബ്രിട്ടനില്‍ എത്തിയ അയിഷ എന്ന ബ്രിട്ടീഷ് ഐസ് തീവ്രവാദിയുടെ ഭാര്യ താന്‍ ജോണ്‍സിനെ ഐഎസ് നിയന്ത്രിത മേഖലയില്‍ വെച്ച് കണ്ടതായി വ്യക്തമാക്കിയിരുന്നു. പിന്നീട് കുര്‍ദിഷ് അഭയാര്‍ത്ഥി ക്യാമ്പിലേക്ക് പോയ ഇവര്‍ അവിടെ നിന്നും ബ്രിട്ടനിലേക്ക് തിരിച്ചു പോരുകയായിരുന്നു.

click me!