ബ്രസീലില്‍ അണക്കെട്ട് ദുരന്തം: 200 പേര്‍ ഒഴുകിപ്പോയി

By Web TeamFirst Published Jan 26, 2019, 5:34 PM IST
Highlights

ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള ഒരു സ്വകാര്യ കമ്പനിയുടെ അണക്കെട്ട് തകര്‍ന്ന് 200 പേരെയാണ് ഇതുവരെ കാണാതായിരിക്കുന്നത്

ബ്രുമാഡിന്‍ഹോ: ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് വന്‍ ജീവഹാനി. ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള ഒരു സ്വകാര്യ കമ്പനിയുടെ അണക്കെട്ട് തകര്‍ന്ന് 200 പേരെയാണ് ഇതുവരെ കാണാതായിരിക്കുന്നത്.അണക്കെട്ട് തകര്‍ന്നത് അറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൂടുതല്‍ മരണം സംഭവിച്ചത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അണക്കെട്ട് തകര്‍ന്നതോടെ ഉണ്ടായ വെള്ളപ്പാച്ചിലില്‍ വീടുകളും വാഹനങ്ങളും ഒഴുകിപോയി.

ഇതുവരെ ഏഴ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം.മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാരിയാനോയില്‍ ഡാം തകര്‍ന്ന് 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബ്രസീല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തമായിരുന്നു അത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ബ്രുമാഡിന്‍ഹോ അണക്കെട്ട് തകര്‍ന്നത്.  അണക്കെട്ട് പൊട്ടി ഇരമ്പിയെത്തിയ വെള്ളത്തിന് ഒപ്പം ഖനനകമ്പനിയിലെ മാലിന്യവും കലര്‍ന്നത് വന്‍ദുരന്തം സൃഷ്ടിച്ചു. വെള്ളത്തോടൊപ്പം ഒലിച്ച് തൊഴിലാളികള്‍ ജോലി ചെയ്യുന്നിടത്തും താമസിക്കുന്ന സ്ഥലത്തും ഒഴുകിയെത്തി. മാരിയാനോയിലെ തകര്‍ന്ന അണക്കെട്ടിന്‍റെ ഉടമസ്ഥര്‍ക്ക് പങ്കാളിത്തമുള്ള കമ്പനിയാണ് ബ്രുമാഡിന്‍ഹോയിലെ എന്നതാണ് റിപ്പോര്‍ട്ട്. ആറ് ഹെലികോപ്റ്ററുകളും അമ്പതോളം അഗ്നിശമന സേനാംഗങ്ങളും ഇപ്പോള്‍ അപകടസ്ഥലത്ത് തിരിച്ചിലാണ്.

അണക്കെട്ട് തകര്‍ന്നത് ഒരു മാനുഷിക ദുരന്തം എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ പറയുന്നു. അപകടം ബാധിച്ച ഭൂരിപക്ഷം പ്രദേശവും തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇടമാണ്. ഡാം തകരുമ്പോള്‍ ഏകദേശം 300 തൊഴിലാളികള്‍ പ്രദേശത്തുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡാം പ്രവര്‍ത്തനരഹിതമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ കാണാതായവരെ രക്ഷപ്പെടുത്താന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബ്രസീലിയന്‍ സര്‍ക്കാര്‍ പറഞ്ഞു.

click me!