
ബിഎസ്‌പിയും കോണ്‍ഗ്രസും ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു. ബിജെപിക്ക് ദളിത് വിരുദ്ധ മനോഭാവമാണെന്ന് ആഗ്രയില്‍ നടന്ന റാലിയില്‍ മായാവതി ആരോപിച്ചു.
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ അഞ്ചു മാസം ബാക്കിയുണ്ടെങ്കിലും സംസ്ഥാനത്ത് പ്രചരണ ചൂട് അനുഭവപ്പെട്ടു തുടങ്ങി. ബിഎസ്‌പി അദ്ധ്യക്ഷ മായാവതി ആഗ്രയിലാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ബിജെപിക്ക് ദളിത് വിരുദ്ധ മനോഭാവമാണെന്ന് ആരോപിച്ച മായാവതി ഭീകരതയുടെയും ലൗജിഹാദിന്റെയും പേരില്‍ മുസ്ലിം സമുദായത്തെ ദ്രോഹിക്കുകയാണെന്നും ആരോപിച്ചു. ദളിത് മുസ്ലിം വോട്ടുകള്‍ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന സൂചനയാണ് മായാവതി ആദ്യ റാലിയില്‍ നല്‍കിയത്. 27 കൊല്ലം ഉത്തര്‍പ്രദേശ് പാഴാക്കി എന്ന് പ്രചരിപ്പിക്കുന്ന രണ്ടു ദിവസത്തെ പ്രചരണ ജാഥയ്‌ക്ക് കോണ്‍ഗ്രസ് ഇന്ന് തുടക്കം കുറിച്ചു. ഗുലാംനബി ആസാദ്, ഷീലാ ദീക്ഷിത്, രാജ് ബബ്ബര്‍ തുടങ്ങിയവരാണ് പ്രചരണ ജാഥയ്‌ക്ക് നേതൃത്വം നല്‍കുന്നത്. ബ്രാഹ്മസമുദായ വോട്ടുകള്‍ ലക്ഷ്യം വച്ചാണ് കോണ്‍ഗ്രസിന്റെ ഇത്തവണത്തെ പ്രചരണം. ആകെയുള്ള 403 സീറ്റില്‍ 150 സീറ്റുകള്‍ ബ്രാഹ്മണ സമുദായത്തിനും നൂറ് സീറ്റുകള്‍ മറ്റു മുന്നോക്ക വിഭാഗങ്ങള്‍ക്കും മാറ്റിവയ്‌ക്കാനാണ് നീക്കം. 10 ശതമാനം മുന്നോക്ക വോട്ടിനൊപ്പം ഇരുപത് ശതമാനം ന്യൂനപക്ഷ വോട്ടുകളും 20 ശതമാനം വരുന്ന ദളിതരില്‍ ഒരു വിഭാഗവും ഒപ്പം നില്‌ക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പിന്നോട്ടു പോയ ബിജെപി മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയാണ്. ഹിന്ദു വോട്ടുകളുടെ ധ്രുവീകരണം പലയിടത്തും ദൃശ്യമാണ്. ഈ സാഹചര്യം തുടര്‍ന്നാല്‍ ഉത്തര്‍പ്രദേശിലെ മത്സരം ബിജെപിക്കും ബിഎസ്‌പിക്കുമിടയിലാകാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam