പരാതിയുമായി പോകുന്നത് പാരഡിയെക്കാൾ വലിയ കോമഡിയാണെന്നും പിസി വിഷ്ണുനാഥ് പരിഹാസരൂപേണ പറഞ്ഞു. സിപിഎമ്മിന്റെ സ്ഥിതി ദയനീയമെന്നും പിസി വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: പാട്ടിനെ പേടിക്കുന്ന പാർട്ടിയായി മാറിയോ സിപിഎം എന്ന ചോദ്യവുമായി കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് പിസി വിഷ്ണുനാഥ് എംഎൽഎ. പരാതിയുമായി പോകുന്നത് പാരഡിയെക്കാൾ വലിയ കോമഡിയാണെന്നും പിസി വിഷ്ണുനാഥ് പരിഹാസരൂപേണ പറഞ്ഞു. സിപിഎമ്മിന്റെ സ്ഥിതി ദയനീയമെന്നും പിസി വിഷ്ണുനാഥ് കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് തുകയാണ് പ്രചാരണത്തിന് ഇറക്കിയത്. ശബരിമല സ്വർണക്കൊള്ള ചർച്ചയായപ്പോഴാണ് പാരഡി പാട്ട് വന്നത്. അത് ആര് എഴുതിയതെന്ന് പോലും അറിയില്ലായിരുന്നുവെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് നിരവധി കാരണങ്ങൾ ഉണ്ടെന്ന് പറഞ്ഞ പി സി വിഷ്ണുനാഥ് അതിൽ ഒന്ന് തന്നെയാണ് ശബരിമല സ്വർണക്കൊള്ളയെന്നും ചൂണ്ടിക്കാട്ടി. പാട്ട് എഴുതിയ കുഞ്ഞബ്ദുള്ളയ്ക്കെതിരെ വരെ ഹേറ്റ് ക്യാമ്പയ്ൻ നടക്കുകയാണ്. സ്വർണക്കൊള്ളയ്ക്ക് എഴുത്തുകാരൻ്റെ സർഗാത്മക പ്രതിഷേധമാണ് പാട്ട്. കട്ട് ജയിലിൽ കിടക്കുന്നവർക്കാണ് വികാരം വ്രണപ്പെടേണ്ടതെന്നും വിഷ്ണുനാഥ് പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ നിശാഗന്ധിയിൽ പ്രതിഷേധിക്കുക, നേരെ പോയി പാട്ടിനെതിരെ കേസ് കൊടുക്കുക. ഇത്തരം കോമഡിയാണ് ഇപ്പോൾ സിപിഎം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ആളാണ് പാട്ട് എഴുതിയതെന്നും മാധ്യമങ്ങളാണ് പാട്ട് എഴുതിയ വ്യക്തിയെ കണ്ടെത്തിയതെന്നും പിസി വിഷ്ണുനാഥ് വ്യക്തമാക്കി.
