
കാസര്‍കോട്: കാട്ടാനകൂട്ടവും വന്യമൃഗങ്ങളും നാട്ടിലിറങ്ങുന്നത് തടയാന്‍ ലക്ഷങ്ങള്‍ മുടക്കി വനാതിര്‍ത്തിയില്‍ നിര്‍മ്മിച്ച ആനമതിലിന് ഗേറ്റ് പണിയാന്‍ വനം വകുപ്പിന്റെ കൈയില്‍ ഫണ്ടില്ല. കാസര്‍കോട് കോട്ടഞ്ചേരി വനമേഖലയിലാണ് വനം വകുപ്പിന്റെ ഈ വിരോധാഭാസം. കാട്ടാനയെ പ്രതിരോധിക്കുന്നതിനായി ഒരു വര്‍ഷം മുമ്പാണ് 500 മീറ്റര്‍ നീളത്തില്‍ വനത്തിന് ചുറ്റും ആനമതില്‍ നിര്‍മ്മിച്ചത്. ഒരാളുടെ പൊക്കം പോലും ഇല്ലാത്ത മതിലിന് ഗേയ്റ്റ് വെയ്ക്കാന്‍ ഫണ്ട് തികഞ്ഞില്ലെന്നാണ് അധികൃതരുടെ വാദം.
ഏക്കര്‍ കണക്കിന് വിസ്തൃതിയുള്ള കോട്ടഞ്ചേരി വനത്തില്‍ കാട്ടാനയടക്കമുള്ള വന്യമൃഗ ശല്യം രൂക്ഷമായപ്പോഴാണ് വനത്തിന് ചുറ്റും 50 ലക്ഷം രൂപ ചിലവില്‍ ആനമതില്‍ നിര്‍മ്മിച്ചത്. എന്നാല്‍ മതിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കരാറുകാരന്‍ ഗൈറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കാരണത്താല്‍ ഇത് നിര്‍മ്മിക്കാതെ സ്ഥലം വിടുകയായിരുന്നു. നിലവില്‍ ചെറിയൊരു ചങ്ങല മാത്രമാണ് ഗൈറ്റിന് പകരമുള്ളത്. കാട്ടാന പേടിയില്‍ കോട്ടഞ്ചേരി വനത്തിന് താഴ്‌വാരത്തായി പത്ത് ദളിത് കുടുംബങ്ങളാണ് കഴിയുന്നത്.
ആന മതില്‍ നിര്‍മ്മാണത്തില്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പാറപൊടിയും കരിങ്കല്ലും ഉപയോഗിച്ചാണ് നിര്‍മ്മാണം. മതിലിനിടയില്‍ മലവെള്ളം ഒഴുക്കാനായി സ്ഥാപിച്ചത് കട്ടികുറഞ്ഞ സിമന്റ് പൈപ്പുകളാണ്. മതിലിന് ആവശ്യമായ കല്ല് വനത്തിനുള്ളില്‍ നിന്ന് എടുത്തിട്ടും ആനമതിലിന് ഒരാളുടെ ഉയരം പോലുമില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കോട്ടഞ്ചേരിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ വനംവകുപ്പിന്റെ നിര്‍ദ്ദേശം അവഗണിച്ച് അകത്ത് കടക്കുന്നതും ഇവിടെ പതിവാണ്. പലപ്പോഴും ഇവിടെ ഫോറസ്റ്റ് വാച്ച്മാനും ഉണ്ടാവാറില്ല. ഇവിടൊരു ഗേയ്റ്റ് അടിയന്തിരമായി സ്ഥാപിച്ചാല്‍ വന്യമൃഗങ്ങള്‍ വനംകടന്ന് പുറത്തേക്ക് വരുന്നതും സഞ്ചാരികള്‍ അനിയന്ത്രിതമായി അകത്തേക്ക് കടക്കുന്നതും പ്രതിരോധിക്കാനാകും.
ഭീമനടി ഫോറസ്റ്റ് സെക്ഷന് കീഴില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. കൊന്നക്കാട് മേഖലയില്‍ വിവിധ സ്ഥലങ്ങളിലായി 1500 ഹെക്ടറിലായി പരന്ന് കിടക്കുന്ന വനം സംരക്ഷിക്കാന്‍ ആകെയുള്ളത് രണ്ട് ഉദ്യോഗസ്ഥരാണ്. ഇവര്‍ക്കാണെങ്കില്‍ സഞ്ചരിക്കാന്‍ ഔദ്യോഗിക വാഹനമോ കോട്ടേഴ്‌സോ ഇല്ല. പലപ്പോഴും പല സ്ഥലങ്ങളിലും ഇവര്‍ക്ക് എത്താന്‍ കഴിയാറില്ല. കോട്ടഞ്ചേരി, ആനമഞ്ഞള്‍, കൂമ്പന്‍പാറ എന്നിവിടങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമായിട്ടും ഇവിടെ ആവശ്യത്തിന് ഉദ്യോഗസ്ഥരോ സജീകരണങ്ങളോ ഇല്ലാത്ത അവസ്ഥയാണ്.
നിക്ഷിപ്ത വനമായ കോട്ടഞ്ചേരി വിനോദ സഞ്ചാര കേന്ദ്രമാണെന്ന് തെറ്റിധരിച്ച് പലരും ഇവിടേയ്‌ക്കെത്തുന്നത് പതിവാണ്. പല അപകടങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടേക്ക് അനധികൃതമായി കയറുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. അടിയന്തിരമായി ഗെയ്റ്റ് വെയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുധീര്‍ നേരോത്ത് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam