പൊലീസ് ടെന്‍റ് കത്തിച്ച കേസ്; സെല്‍വരാജിനൊപ്പം പ്രതിയായ പൊലീസുകാരന് സസ്പെന്‍ഷന്‍

By Web DeskFirst Published Dec 19, 2017, 9:53 PM IST
Highlights

തിരുവനന്തപുരം: മുന്‍ എംഎല്‍എ സെല്‍വരാജനൊപ്പം പൊലീസ് ടെന്‍റ് കത്തിച്ച ഗണ്‍മാനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. വീട്ടുവളപ്പിലെ പൊലീസ് ടെന്‍റ് സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചെന്നാരോപിച്ച് കള്ള കേസ് കൊടുത്ത സംഭവത്തില്‍ മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍.സെല്‍വരാജ്, ഗണ്‍മാന്‍ സി.ജെ പ്രവീണ്‍ ദാസ് എന്നിവരെ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ പ്രവീണ് ദാസിനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്ത് ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കി. അതേസമയം മുന്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചു. ഇരുവർക്കുമെതിരെ പൊതുമുതൽ നശിപ്പിക്കൽ, ഗൂഡാലോചന, ഐപിസി 436  വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.

കേസിനാസ്പദമായ സംഭവം നടക്കുന്നത് 2013 ലാണ്. സിപിഎമ്മില്‍ നിന്ന് രാജിവെച്ച് സെല്‍വരാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍  ഒരുങ്ങുന്ന സമയത്താണ് വീട്ടുവളപ്പില്‍ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന പൊലീസ് ഉദ്ദ്യോഗസ്ഥര്‍ക്കായുള്ള ടെന്‍റ് കത്തി നശിച്ചത്. എല്‍ഡിഎഫ് വിട്ടശേഷം തനിക്കും കുടുംബത്തിനും ഭീഷണി ഉണ്ടെന്ന് സെല്‍വരാജ് ഉന്നയിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇവര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീടത് നീക്കിയെങ്കിലും പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്ന ടെന്റ് പൊളിച്ചു മാറ്റിയിരുന്നില്ല. ഇതിനുള്ളിൽ പൊലീസുകാർ ഉപയോഗിച്ചിരുന്ന കട്ടിലുകൾ, മേശ എന്നിവയുമുണ്ടായിരുന്നു. ഇതെല്ലാം തീപിടുത്തത്തിൽ കത്തി നശിച്ചു.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍, ലോക്കല്‍ സെക്രട്ടറി വി താണുപിള്ള എന്നിവര്‍ക്കെതിരെ സെല്‍വരാജ് പാറശ്ശാല പൊലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കിയിരുന്നു. ഇവരുടെ നേതൃത്വത്തില്‍ വീടാക്രമിച്ച് തീവെച്ചുവെന്നാണ് സെല്‍വരാജ് പരാതിയില്‍ വ്യക്തമാക്കിയത്. തന്നെയും കുടുംബത്തെയും വകവരുത്തുകയായിരുന്നു ലക്ഷ്യമെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു. സംഭവ സമയം താനും കുടുംബവും വേളാങ്കണ്ണിയിലായിരുന്നു എന്നും സെല്‍വരാജ് പൊലീസിന് മൊഴി നല്‍കി.

സംഭവത്തിൽ അന്ന് ഐപിസി 436 പ്രകാരം പാറശാല പോലീസ് കേസെടുക്കുകയും ചെയ്തു. യുഡിഎഫ് സർക്കാർ സമയത്ത് കേസിൽ  അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ എല്ലാം ചെന്നെത്തിയത് പ്രവീണിലേക്കായിരുന്നു. പ്രവീണിനൊപ്പം താനും കുടുങ്ങുമെന്നായപ്പോൾ കേസ് അവസാനിപ്പിക്കണം എന്ന് കാട്ടി സെൽവരാജ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കത്ത് നൽകി. തെങ്ങിൻ ചുവട്ടിൽ വീട്ടുകാർ പേപ്പർ കത്തിച്ചപ്പോൾ തീ പടർന്നു എന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നത്.

പിന്നീട് തെളിയിക്കാൻ കഴിഞ്ഞില്ല എന്നു കാട്ടി കേസ് ഫയൽ ക്ളോസ് ചെയ്തു. തുടർന്ന് വന്ന എൽ.ഡി.എഫ് സർക്കാർ കേസിൽ പുനരന്വേഷണം നടത്തുകയായിരുന്നു. ഈ വർഷം ആദ്യത്തോടെ കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. സംഭവ ശേഷം  പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്താകുന്നത്. ടെന്റിന് തീവച്ചശേഷം ഗണ്‍മാന്‍ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രവീണിനെ ചോദ്യം ചെയ്തതിൽ നിന്ന് അന്വേഷണ സംഘത്തിന് സംശയം ബലപ്പെട്ടു.  ഇതിനിടയിൽ പരാതി റദ്ദ് ചെയ്യുന്നതിന് ഉൾപ്പടെയുള്ള നീക്കങ്ങൾ നടന്നെങ്കിലും സംഭവത്തിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടതിനാൽ അതിനു കഴിഞ്ഞില്ല.

പോലീസ് പിടികൂടുമെന്നായപ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിന് ഇരുവരും ഹൈക്കോടതിയെ സമീപിച്ചു. ആഗസ്റ്റ് നാലിന് അടുത്ത വാദം കേള്‍ക്കുന്ന വരെ ഇരുവരുടെയും അറസ്റ്റ് തടഞ്ഞു കോടതി ഉത്തരവിറക്കിയിരുന്നു. തുടർന്ന് ഒക്ടോബറിൽ കേസ് പരിഗണിക്കവേ പുനരന്വേഷിക്കാന്‍ സഹചര്യമെന്തെന്നു വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കേസ് പുനരന്വേഷണം ആരംഭിച്ച ഉദ്യോഗസ്ഥനും നിലവിൽ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനും നടപടി നേരിടേണ്ടി വരുമെന്നത് അടക്കം രൂക്ഷ വിമർശനം പോലീസിനെതിരെ കോടതി ഉന്നയിച്ചിരുന്നു. 

 കേസ് പുനരന്വേഷിക്കാൻ പ്രതികൾ കുറ്റം ചെയ്തുയെന്നു തെളിയിക്കുന്ന തെളിവുകൾ സമർപ്പിക്കണമെന്നും ഹൈകോടതി പോലീസിനോട് ആവശ്യപ്പെട്ടു.  പോലീസ് വിശദമായ വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളായ ഇരുവരോടും കേസിന്റെ അന്വേഷണ ചുമതലയുള്ള ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഡി.അശോകന് മുന്നിൽ ഹാജരായി ജാമ്യം എടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. 

click me!