
ദില്ലി: ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ദേശീയ തലത്തില്‍ കനത്ത തിരിച്ചടിയേറ്റു. 11 നിയമസഭാ സീറ്റുകളില്‍ ഒരിടത്തു മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. നാലു സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 6 എണ്ണം മറ്റുള്ളവര്‍ക്കാണ്. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ആര്‍എല്‍ഡിയുടെ തബസും ഹസന്‍ വിജയിച്ചു. മഹാരാഷ്‌ട്രയില്‍ ഒരു ലോക്‌സഭാ സീറ്റില്‍ ബിജെപി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം ഒരു സീറ്റ് പിടിച്ചെടുത്തു.
നാലു ലോക്‌സഭാ സീറ്റിലേക്കും ചെങ്ങന്നൂരുള്‍പ്പടെ 11 നിയമസഭാ സീറ്റിലേക്കും ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രാജ്യം ശ്രദ്ധിച്ച കൈരാന ലോക്‌സഭാ സീറ്റില്‍ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ രാഷ്‌ട്രീയ ലോക്ദളിന്റെ തബസും ഹസന്‍ ബിജെപിയുടെ മൃഗങ്ക സിംഗിനുമേല്‍ വന്‍വിജയം നേടി. കഴിഞ്ഞ തവണ അമ്പതുശതമാനം വോട്ടു കിട്ടിയ ബിജെപിയുടെ വോട്ടുവിഹിതം ഇത്തവണ 35 ശതമാനത്തിലേക്ക് ഒതുങ്ങി.
മഹാരാഷ്‌ട്രയില്‍ പാല്‍ഗര്‍ നിയമസഭാ സീറ്റില്‍ ശിവസേനയെ പിന്തള്ളി ബിജെപി വിജയം നേടി. ബഹുജന്‍ വികാസ് അംഗഡിയ്‌ക്കും സിപിഎമ്മിനും പിന്നില്‍ കോണ്‍ഗ്രസ് ഇവിടെ അഞ്ചാം സ്ഥാനത്തായി. അതേസമയം ഭണ്ടാര ഗോണ്ടിയ സീറ്റ് കോണ്‍ഗ്രസ് എന്‍സിപി സഖ്യം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തു. നാഗാലാന്‍ഡ് മണ്ഡലം ബിജെപിയുടെ സഖ്യകക്ഷിയായ എന്‍ഡിപപി നിലനിര്‍ത്തി.
ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ ശക്തികേന്ദ്രമായ നൂര്‍പുര്‍ മണ്ഡലത്തില്‍ ബിജെപിയും അവനീഷ് സിംഗിനെ 6211 വോട്ടുകള്‍ക്ക് സമാജ്‌വാദി പാര്‍ട്ടിയുടെ നയിം ഉള്‍ ഹസന്‍ പരാജയപ്പെടുത്തി. ബീഹാറിലെ ജോകിഹാട്ടില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി ഷാനവാസ് ആലം, ബിജെപി സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡിന്റെ മുര്‍ഷിദ് ആലത്തെ പരാജയപ്പെടുത്തി. നിതീഷ്‌കുമാര്‍ ബിജെപിയുമായി ചേര്‍ന്നതില്‍ പ്രതിഷേധിച്ച് ജെഡിയു എംഎല്‍എ രാജിവച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. കര്‍ണ്ണാടകത്തിലെ ആര്‍ആര്‍ നഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മുനിരത്ന വിജയിച്ചു. ഇതോടെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് 118 സീറ്റും കോണ്‍ഗ്രസിന് 79 സീറ്റുമായി.
പശ്ചിമബംഗാളിലെ മഹേഷ്തലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. ബിജെപി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എംഎല്‍എമാര്‍ അയോഗ്യരായതിനെ തുടര്‍ന്ന വോട്ടെടുപ്പ് നടന്ന ജാര്‍ഖണ്ടിലെ രണ്ടു സീറ്റുകള്‍ ജാര്‍ഖണ്ട് മുക്തി മോര്‍ച്ച ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്തി നിലനിര്‍ത്തി. മഹാരാഷ്‌ട്രയിലെ പലുസ് കേദ്ഗാവ് മണ്ഡലം കോണ്‍ഗ്രസ് നിലനിറുത്തി. മേഘാലയയില്‍ മുന്‍മുഖ്യമന്ത്രി മുകുള്‍ സാംഗ്മ ഒഴിഞ്ഞ മണ്ഡലത്തില്‍ സാംഗ്മയുടെ മകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ മിയാനി ഡി ഷിറ വിജയിച്ചു.
ഇതോടെ 20 സീറ്റുള്ള ഭരണകക്ഷിയായ എന്‍പിഎഫിനെ പിന്തള്ളി കോണ്‍ഗ്രസിന് നിയമസഭയില്‍ 21 സീറ്റായി. മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണ്ണര്‍ ക്ഷണിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. ഉത്തരാഖണ്ടിലെ തരാലി മണ്ഡലം നിലനിറുത്താന്‍ ആയത് മാത്രമാണ് ബിജെപിക്ക് ആശ്വാസമാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam