
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുകാര്‍ക്ക് അവരുടെ അടുത്ത ബന്ധുക്കള്‍ക്ക് അവയവം ദാനം ചെയ്യുന്നതിന് പുതുക്കിയ നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അതനുസരിച്ച് 2014ലെ ജയിലുകളും സാന്മാര്‍ഗീകരണ സേവനങ്ങളും സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.
തടവുകാരുടെ അവയവദാനം അവരുടെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായി നിജപ്പെടുത്തുന്നതാണ് ഒരു വ്യവസ്ഥ. മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ച ശേഷം തടവുകാരനെ ശിക്ഷിച്ച വിചാരണ കോടതിയുടെ അനുമതി വാങ്ങണം. തടവുകാരന്‍ ആശുപത്രിയില്‍ കഴിയുന്ന കാലയളവു പരോളായി കണക്കാക്കണം. അവയവദാതാവായ തടവുകാരന്റെ ആശുപത്രി ചെലവ് ജയില്‍വകുപ്പ് വഹിക്കേണ്ടതാണ്.
ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന കാലയളവിലേക്ക് തടവുകാരന്റെ ഭക്ഷണക്രമവും ജയിലധികൃതരുടെ ചുമതലയായിരിക്കും. അവയവദാനം നടത്തിയെന്ന കാരണത്താല്‍ തടവുകാരനു ശിക്ഷാ കാലാവധിയില്‍ ഒരുവിധ ഇളവിനും അര്‍ഹതയുണ്ടാവില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരന്‍ പി. സുകുമാരന്റെ അനുഭവമാണ് പൊതുമാര്‍ഗനിര്‍ദേശം തയാറാക്കുന്നതിനും ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിനും സര്‍ക്കാരിന് പ്രേരണയായത്.
തന്റെ ഒരു വൃക്ക ദാനം ചെയ്യുന്നതിനു സുകുമാരന്‍ അനുമതി ചോദിച്ചിരുന്നു. എന്നാല്‍ അതിന്മേല്‍ തീരുമാനമെടുക്കും മുമ്പ് വൃക്ക സ്വീകരിക്കേണ്ട രോഗി മരിക്കുകയുണ്ടായി. ഇത്തരം സാഹചര്യം ഒഴിവാക്കാനാണു സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam