കേന്ദ്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തില്‍ തീരുമാനം നാളെ

Published : Jun 28, 2016, 05:36 AM ISTUpdated : Oct 05, 2018, 12:40 AM IST
കേന്ദ്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തില്‍ തീരുമാനം നാളെ

Synopsis

ദില്ലി: ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ നാളെ കേന്ദ്ര മന്ത്രിസഭ തീരുമാനമെടുക്കും. ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ പരിശോധിച്ച് ഉദ്യോഗസ്ഥതല സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും മന്ത്രിസഭാ തീരുമാനം. രാജ്യത്തെ 48 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 55 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

ജസ്റ്റിസ് എ.കെ.മാത്തൂര്‍ അധ്യക്ഷനായ ഏഴാം ശമ്പള കമ്മിഷന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 23.55 ശതമാനവും പെന്‍ഷന്‍കാര്‍ക്ക് 24 ശതമാനവും വര്‍ദ്ധനയാണ് ശുപാര്‍ശ ചെയ്തത്. ജസ്റ്റിസ് മാത്തൂറിന്റെ 900 പേജുള്ള ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥതല സമിതിയുടെ പരിഗണനക്ക് വിട്ടിരുന്നു. ആ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേന്ദ്ര മന്ത്രിസഭ ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്ന കാര്യം പരിശോധിക്കുന്നത്.

ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. ശുപാര്‍ശകള്‍ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചാല്‍ 2016 ജനുവരി ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ദ്ധനയും പെന്‍ഷന്‍ വര്‍ദ്ധനയും നിലവില്‍ വരിക. ശമ്പള കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ചുരുങ്ങിയ വേതനം 11,000 ല്‍ നിന്ന് 18,000 രൂപയാക്കണം. ഐഎഎസ് ജീവനക്കാരുടെ തുടക്കത്തിലെ ശമ്പളം നിലവില്‍ 23000 എന്നത് 56000 ആയി വര്‍ധിപ്പിക്കണം തുടങ്ങിയവ ശുപാര്‍ശകളിലുണ്ട്.

അതേസമയം ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ അതേപടി നടപ്പാക്കാന്‍ മന്ത്രിസഭ തയ്യാറാകുമോ എന്നു വ്യക്തമല്ല. വിവിധ ഗ്രേഡുകളിലായി പരമാവധി 20 ശതമാനം വര്‍ദ്ധനയ്ക്കാണ് സാധ്യത. ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ അതേപടി നടപ്പാക്കിയാല്‍ 201617 വര്‍ഷം സര്‍ക്കാരിന് 1.2 ലക്ഷം കോടി രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാവുക. അതുപ്രകാരം പൊതുബജറ്റില്‍ നിന്ന് 73650 കോടി രൂപയും റെയില്‍ ബജറ്റില്‍ നിന്ന് 28450 കോടി രൂപയും നീക്കിവെക്കേണ്ടിവരും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ