കോഴിക്കോട് സംഭവം: എസ് ഐയുടേത് ഗുരുതര കൃത്യവിലോപമെന്ന് പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ട്

By Web DeskFirst Published Aug 1, 2016, 5:16 PM IST
Highlights

കോഴിക്കോട്:  കോഴിക്കോട് കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച ടൗണ്‍ എസ് ഐയുടെ നടപടിയെ അപലപിച്ച് ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ടൗണ്‍ എസ് ഐ വിമോദ് ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയതെന്നും ,എസ് ഐ യുടെ നടപടി പോലീസ് സേനക്ക് തന്നെ കളങ്കമായെന്നും ജില്ലാ പോലീസ് മേധാവി ഉമാബഹ്റ ഡിജിപിക്കും, ജില്ലാകളക്ടര്‍ക്കും  നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കോഴിക്കോട് കോടതി പരിസരത്തും ടൗണ്‍സ്റ്റേഷനില്‍ വച്ചുമാണ് എസ് ഐ വിമോദ്  ആക്രമിച്ചത്. സംഭവം വിവാദമായതോടെ ഇതേ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് ജില്ലാപോലീസ് മേധാവി ഉമ ബഹ്റയെ ഡിജിപി ചുമതലപ്പെടുത്തിയിരുന്നു.

ജില്ലാകളക്ടറും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജില്ലാപോലീസ് മേധാവിയുടെ പ്രാഥമികാന്വേഷണത്തില്‍ തന്നെ എസ് ഐയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് വിമോദിനെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കിയ ശേഷമാണ് ടൗണ്‍സ്റ്റേഷനില്‍ ആക്രമണം നടത്തിയത്.

ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിമോദിനെ നീക്കിയ കാര്യം വാക്കാല്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ വിമോദ് ആവശ്യപ്പെട്ടെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്.

ഡിജിപി ലോക്നാഥ് ബഹ്റ, കോഴിക്കോട് ജില്ലാകളക്ടര്‍ എന്‍ പ്രശാന്ത് എന്നിവര്‍ക്കാണ് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതിനുപുറമെ വകുപ്പ് തലത്തില്‍ വിശദമായ അന്വേഷണവും എസ് ഐക്കെതിരെ നടക്കുന്നുണ്ട്.
 

 

click me!