'അങ്ങനെ വിഴുങ്ങിയ ഉരുളയിലാണ് അത് തുടങ്ങിയത്'- ഓഡിയോ പതിപ്പുമായി കേരളത്തിലെ ആദ്യ കോളേജ് മാഗസിന്‍

By Web DeskFirst Published Oct 8, 2017, 1:39 PM IST
Highlights

പേടിയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍? എവിടെയാണ് നമ്മളില്‍ ആദ്യമായി പേടി തുടങ്ങുന്നത്? പണ്ട് പണ്ട് നമ്മള്‍ കുഞ്ഞായിരുന്നപ്പോള്‍, ചോറ് ഉരുളയാക്കി അമ്മ വായിലേക്ക് വച്ചുതരുമ്പോള്‍ കഴിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. അപ്പോള്‍, ചോറ് കഴിച്ചില്ലെങ്കില്‍ മാക്കാനും കോക്കാച്ചിയും വന്ന് പിടിച്ചുകൊണ്ടുപോകുമെന്ന് അമ്മ പറയും. അതുകേട്ട് നമ്മള്‍, മനസില്ലാ മനസോടെയും, അതിലേറെ ഭയപ്പാടോടെയും ആ ഉരുള വായിലാക്കും. അങ്ങനെ ഒരു മനുഷ്യനില്‍ പേടിയുടെ വിത്ത് വിളയുകയായി. പിന്നീട് വളര്‍ന്നുവലുതാകുന്നതോടെ പേടി പല രൂപത്തില്‍ നമ്മളെ വരുതിയിലാക്കാന്‍ തുടങ്ങും. ദൈവത്തിന്റെയും മതത്തിന്റെയും രൂപത്തില്‍ വരുന്ന ആ പേടിക്ക് മുന്നില്‍ നമ്മള്‍ കുമ്പിട്ടുനിന്നു. ആര്‍ത്തവത്തിന്റെ ചോരപ്പാടുകള്‍ കാട്ടി പെണ്‍കുട്ടികളെ ഭയപ്പെടുത്തി. കാലക്രമേണ ഭരണകൂടവും നമ്മളെ ഭയപ്പെടുത്തി നിര്‍ത്താന്‍ തുടങ്ങുന്നു. മനുഷ്യരെയാകെ നിയന്ത്രിക്കുന്ന ഈ പേടിയുടെ പ്രത്യയശാസ്‌ത്രവുമായി ഒരു കോളേജ് മാഗസിന്‍ പുറത്തുവന്നിരിക്കുന്നു. അതിന്റെ പേരാണ് 'അങ്ങനെ വിഴുങ്ങിയ ഉരുളയിലാണ് അത് തുടങ്ങിയത്'. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയ ഈ കോളേജ് മാഗസിന് ഒട്ടനവധി പ്രത്യേകതകളുണ്ട്. പ്രിന്റ്-ഡിജിറ്റല്‍-ഓഡിയോ ഫോര്‍മാറ്റുകളില്‍ പുറത്തിറക്കിയ 'അങ്ങനെ വിഴുങ്ങിയ ഉരുളയിലാണ് അത് തുടങ്ങിയത്' കേരളത്തില്‍ ഓഡിയോ ഫോര്‍മാറ്റിലുള്ള ആദ്യത്തെ കോളേജ് മാഗസിനാണ്.

സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്മെന്റ് സ്റ്റുഡന്റ് യൂണിയന്റെ(ഡിഎസ്‌യു) ആശയമായ ഓഡിയോ ബുക്കിന്റെ ചുവടുപിടിച്ചാണ് കോളേജ് മാഗസിന്‍ ഓഡിയോ ഫോര്‍മാറ്റില്‍ ഇറക്കിയതെന്ന് മാഗസിന്‍ എഡിറ്റര്‍ ഗോകുല്‍ ആര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. മൂന്നു വര്‍ഷത്തിന് ശേഷമാണ് കാമ്പസില്‍ മാഗസിന്‍ പുറത്തിറക്കുന്നത്. മുന്‍കാലങ്ങളില്‍ തുച്ഛമായ ഫണ്ട് മാത്രമായിരുന്നു കോളേജ് മാഗസിനായി വകയിരുത്തിയിരുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡിഎസ്‌യു രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ആവശ്യമായ ഫണ്ട് ലഭ്യമായതോടെയാണ് വ്യത്യസ്‌തമായ മാഗസിന്‍ എന്ന ആശയം രൂപപ്പെടുന്നത്. ഡിഎസ്‌യുവും വിദ്യാര്‍ത്ഥികളുടെയാകെ പിന്തുണയും സഹകരണവും ലഭ്യമായതോടെ കേരളത്തിലെ തന്നെ ആദ്യ ഓഡിയോ ഫോര്‍മാറ്റിലുള്ള കോളേജ് മാഗസിന്‍ യാഥാര്‍ത്ഥ്യമാകുകയായിരുന്നു. പുസ്‌തകരൂപത്തിലും ഓണ്‍ലൈന്‍ രൂപത്തിലും വായിക്കാവുന്ന ഈ കോളേജ് മാഗസിന്‍ ഓഡിയോ രൂപത്തില്‍ക്കൂടി പുറത്തുവരുന്നതോടെ, കാഴ്‌ചവൈകല്യമുള്ളവര്‍ക്കും ഇത് ആസ്വദിക്കാനാകുമെന്ന് ഗോകുല്‍ പറഞ്ഞു.

പ്രശസ്‌ത നോവലിസ്റ്റ് ടി ഡി രാമകൃഷ്‌ണനാണ് മാഗസിന്‍ പ്രകാശനം ചെയ്തത്. കാഴ്‌ചവൈകല്യമുള്ള വിദ്യാര്‍ത്ഥികളായ എസ് സുചിത്രയും വി പി രാജേഷും ചേര്‍ന്നാണ് കോളേജ് മാഗസിന്റെ സി ഡി പകര്‍പ്പ് ഏറ്റുവാങ്ങിയത്. മാഗസിന്റെ ആദ്യപ്രതി യൂണിയന്‍ പ്രസിഡന്റ് ഡോ പി ജെ ഹെര്‍മന്‍ ഏറ്റുവാങ്ങി. മാഗസിന്‍ പ്രകാശന ചടങ്ങില്‍ യൂണിയന്‍ ചെയര്‍പേഴ്‌‌സന്‍ എം സി ഷാമിന അദ്ധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് എഡിറ്റര്‍ ആര്‍ ഗോകുല്‍ സ്റ്റാഫ് എഡിറ്റര്‍ ഡോ. ആര്‍ വി എം ദിവാകരന്‍, സിന്‍ഡിക്കേറ്റ് അംഗം ഡോ. പി ശിവദാസന്‍, യൂണിയന്‍ സെക്രട്ടറി ആര്‍ അജയഘോഷ് എന്നിവര്‍ സംസാരിച്ചു.

click me!