
കാലിഫോര്‍ണിയ: അവിശ്വസനീയമായ രീതിയിലാണ് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടുതീ ആളിപ്പടരുന്നത്. ആയിരങ്ങളുടെ വീടുകള്‍ ഇതിനോടകം തന്നെ കാട്ടുതീ വിഴുങ്ങി കഴിഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ലോസ് ഏഞ്ചല്‍സിലെ വടക്ക് പടിഞ്ഞാറ് മേഖലയില്‍ നിന്നാരംഭിച്ച കാട്ടു തീ തെക്കന്‍ മേഖലയയായ സാന്‍റ മോണിക്കയിലേക്കും പടര്‍ന്നത്. 10 പേര്‍ കാട്ടുതീയില്‍ മരിച്ചതായാണ് ഒദ്യോഗിക സ്ഥിരീകരണം.
പ്രദേശത്ത് ശക്തമായ കാറ്റടിക്കുന്നുണ്ട്. ഇതിനാല്‍ ഇവിടെ കനത്ത ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഒന്നര ലക്ഷത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചതായാണ് വിവരം. കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്നും അധികൃതര്‍ അറിയിക്കുന്നുണ്ട്. പാരഡൈസ് നഗരം പൂര്‍ണമായും കത്തിനശിച്ചു. ഏഴായിരത്തോളം കെട്ടിടങ്ങളാണ് അഗ്‌നിക്കിരയായത്. 50ലധികം പേരെ കാണാതായിട്ടുമുണ്ട്. കാറുകളിലും മറ്റുമായി കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
കാട്ടുതീ എത്തുമെന്ന് ഭീതിയില്‍ പ്രദേശത്ത് കുടിയൊഴിയല്‍ നടക്കുകയാണ്. വീട് ഉപേക്ഷിച്ച് സുരക്ഷിതമായ മറ്റു പ്രദേശങ്ങളിലേക്ക് ചേക്കേറിയവരില്‍ ലോക പ്രശസ്തരായ നിരവധി പേരുമുണ്ടെന്നാണ് വാര്‍ത്ത. ലോക പ്രശസ്ത ഗായിക ലേഡി ഗാഗ, ഹോളിവുഡ് നടിയും മോഡലുമായ കിം കര്‍ദാഷിയന്‍, ഹോളിവുഡ് നടന്‍ റെയ്ന്‍ വിത്സന്‍, സംവിധായകനായ ഗ്യൂലെര്‍മോ ഡെല്‍ ടൊറോ, ഗായിക മെലിസ എത്റിഡ്ജ് തുടങ്ങിയവര്‍ കാട്ടുതീ ഭീതിയില്‍ വീടൊഴിഞ്ഞു.
മാലിബുവിലെ വീട് ഒഴിയുന്നു എന്നറിയിച്ച് ലേഡി ഗാഗ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിരുന്നു. വീടൊഴിയകയാണെന്നും കാലാബാസിന് വേണ്ടി പ്രാര്‍ഥിക്കണമെന്നും കിം കര്‍ദാഷിയാന്‍ ട്വിറ്ററില്‍ അറിയിച്ചു. തന്‍റെ വീടും കുട്ടികളും പട്ടികളും സുരക്ഷിതരാണെന്നും വീടൊഴിയുകയാണെന്നും കുതിരകളെ പരിശീലകന്‍ രക്ഷപ്പെടുത്തിയെന്നുമായിരുന്നു നടി അലിസ മിലാനോ ട്വീറ്റ് ചെയ്തത്. അമേരിക്ക കണ്ട ഏറ്റവും വലിയ കാട്ടുതീയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam