'മേക്ക് ഇന്‍ ഇന്ത്യ' ആയുധങ്ങള്‍ ഉപയോഗിക്കണമെന്ന് സൈന്യത്തെ നിര്‍ബന്ധിക്കില്ല-പ്രതിരോധ മന്ത്രി

By Web DeskFirst Published Apr 12, 2018, 10:28 AM IST
Highlights

ലോകത്ത് എവിടെ നിന്ന് വേണമെങ്കിലും ആയുധം വാങ്ങാന്‍ സൈന്യത്തിന് സ്വാതന്ത്ര്യമുണ്ടെന്നും പ്രതിരോധ മന്ത്രി

ചെന്നൈ: കേന്ദ്ര സര്‍ക്കാറിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം തദ്ദേശീയമായി നിര്‍മ്മിച്ച ആയുധനങ്ങള്‍ വാങ്ങണമെന്ന് സൈന്യത്തെ നിര്‍ബന്ധിക്കാനാവില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ലോകത്ത് എവിടെ നിന്ന് വേണമെങ്കിലും ആയുധം വാങ്ങാന്‍ സൈന്യത്തിന് സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ പറഞ്ഞു. പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ ഇന്ത്യയെ ലോകത്തിലെ പ്രധാന കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഡിഫ്എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിരോധ മന്ത്രി.

ലോകത്ത് ഏറ്റവുമധികം പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇത്തരം ഉകരണങ്ങളുടെ നിര്‍മ്മാണവും കയറ്റുമതിയും കൂടി രാജ്യത്ത് പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാറിന്റെ  ലക്ഷ്യം. അതേസമയം തന്നെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉകരണങ്ങള്‍ വാങ്ങണമെന്ന് സൈന്യത്തെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. അത് സൈന്യം ചെയ്യുകയാണെങ്കില്‍ നല്ലതെന്ന് മാത്രം. ആവശ്യമുള്ള ഉപകരണങ്ങള്‍ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും അവര്‍ക്ക് വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ട്. 

കഴിഞ്ഞ നാളുകളില്‍ തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങളുടെ കാര്യത്തില്‍ സൈന്യം കരുതലോടെയുള്ള സമീപനമാണ് സ്വീകരിച്ചത്. തേജസ് യുദ്ധ വിമാനങ്ങളും ആകാശ് മിസൈലുകളും വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പരീക്ഷങ്ങള്‍ നടത്തി സൈന്യത്തിന്റെ ഭാഗമാക്കിയത്. ഇത് തദ്ദേശീയ ആയുധ നിര്‍മ്മാണത്തിന് വലിയ പ്രതിസന്ധിയാണ് സമ്മാനിക്കുന്നത്. ആയുധങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വിദേശ രാജ്യങ്ങള്‍ പോലും അവ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നാണ് ആദ്യം പരിശോധിക്കുക.

click me!