നിലമ്പൂര്‍ ഏറ്റുമുട്ടല്‍: റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് സര്‍ക്കാര്‍

By Web DeskFirst Published Jan 3, 2018, 11:21 AM IST
Highlights

തിരുവനന്തപുരം:നിലമ്പൂര്‍ വെടിവയ്പ്പിനെക്കുറിച്ച് മലപ്പുറം ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് സര്‍ക്കാര്‍. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. നിയമ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ തീരുമാനം. 

വ്യാജ ഏറ്റമുട്ടലെന്ന ആരോപണത്തെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ വിഷയത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന ആഭ്യന്തര വകുപ്പിന്‍റെ മറുപടി. കരുളായി വനത്തില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണ നവംബര്‍ 22ന് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. 

ഇതിനെത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിനും മലപ്പുറം ജില്ലാ കളക്ടര്‍ക്കും ജനകീയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അപേക്ഷ നല്‍കിയത്. വിവരാവകാശ നിയമം സെക്ഷന്‍ 8a അനുസരിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് മറുപടിയില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് സംഭവം നടന്ന പ്രദേശത്തെ മജിസ്ട്രേട്ട് മുമ്പാകെ സമര്‍പ്പിച്ചിട്ടില്ലെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. 

കരുളായിയില്‍ നടന്നത് ഏകപക്ഷീയ ഏറ്റുമുട്ടലാണെന്നും ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നുമുളള മനുഷ്യാവാശ പ്രവര്‍ത്തകരുടെ ആവശ്യം ഇതോടെ ശക്തമാവുകയാണ്. നിലമ്പൂരില്‍ നടന്നത് കമ്യൂണിസ്റ്റ് സര്‍ക്കാരിന് നിരക്കാത്ത നടപടിയെന്നായിരുന്നു സിപിഐയുടെ വിമര്‍ശനം. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന ആഭ്യന്തര വകുപ്പിന്‍റെ നിലപാടിനോടുളള പ്രതികരണമാണ് ഇനി അറിയാനുളളത്.

click me!