
മുംബൈ: ഏഴു വർഷങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര സ്വദേശിയായ അമോൽ യാദവ് എന്ന യുവാവ് ഒരു പ്രഖ്യാപനം നടത്തി. ഞാനൊരു വിമാനം നിർമ്മിക്കാൻ പോകുന്നു എന്നായിരുന്നു അത്. കേട്ടവർ കേട്ടവർ അമ്പരന്നു. അമോൽ തമാശ പറയുകയാണെന്നാണ് ഇവർ മിക്കവരും കരുതിയത്. എയ്റോനോട്ടിക് എഞ്ചിനീയറിംഗ് പഠിച്ച ആളൊന്നുമായിരുന്നില്ല അമോൽ. എന്നാൽ ഏഴ് വർഷങ്ങൾക്കിപ്പുറം എല്ലാവരെയും അത്ഭുതപ്പെടുത്തി അമോൽ വിമാനം നിർമ്മിച്ചു.
രാജ്യത്തെ ആദ്യ തദ്ദേശീയ എയർക്രാഫ്റ്റ് നിർമ്മാണ ഫാക്ടറിയ്ക്കുള്ള മുപ്പത്തയ്യായിരം കോടിയുടെ കരാർ മഹാരാഷ്ട്ര സർക്കാരുമായി ഒപ്പിടുകയും ചെയ്തു. ജെറ്റ് എയർവേയ്സിലെ സീനിയർ കമാൻഡർ ആയി ജോലി ചെയ്യുന്ന അമോൽ പറയുന്നു, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് പൂർത്തീകരിച്ചത്. 1998 ലാണ് സ്വന്തമായി ഒരു വിമാനം നിർമ്മിക്കണം എന്ന മോഹത്തിന് അമോൽ തുടക്കമിട്ടത്. ആദ്യം പെട്രോൾ എഞ്ചിൻ സിലിണ്ടറായിരുന്നു നിർമ്മാണത്തിനായി ഉപയോഗിച്ചത്.
എന്നാൽ പരിചയക്കുറവുകൊണ്ടോ സാങ്കേതിക വശങ്ങൾ അറിയാത്തത് കൊണ്ടോ ആ ശ്രമം പരാജയപ്പെട്ടു. ആദ്യശ്രമം പരാജയപ്പെട്ടെന്ന് കരുതി തോറ്റു പിന്മാറാൻ ആമൽ തയ്യാറായില്ല. അടുത്ത വർഷം മറ്റൊരു എഞ്ചിൻ ഉപയോഗിച്ച് വീണ്ടും വിമാനം നിർമ്മിക്കാൻ ആരംഭിച്ചു. സാമ്പത്തികമായി കുടുംബം വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന സമയം കൂടിയായിരുന്നു അത്. എന്നാൽ തന്റെ സ്വപ്ന പൂർത്തീകരണത്തിനായി മുന്നോട്ട് പോകാൻ തന്നെയായിരുന്നു അമോലിന്റെ തീരുമാനം. അമ്മയാണ് അമോലിന്റെ സ്വപ്നങ്ങൾക്കൊപ്പം നിന്നത്. കഴുത്തിലെ താലിമാല വരെ മകനായി അമ്മ ഊരിക്കൊടുത്തു. നാലു വർഷത്തെ പരിശ്രമങ്ങൾക്കൊടുവിൽ ആറ് സീറ്റുള്ള എയർക്രാഫ്റ്റ് നിർമ്മാണം വിജയകരമായി അമോൽ പൂർത്തിയാക്കി.
വർഷങ്ങൾക്ക് ശേഷം അമോൽ ജെറ്റ് എയർവേയ്സിൽ ജോലിയിൽ പ്രവേശിച്ചു. അപ്പോഴും സ്വന്തം വിമാനം എന്ന സ്വപ്നം അമോലിനുള്ളിൽ ശക്തിയാർജ്ജിച്ചു തന്നെ നിന്നു. പിന്നീടാണ് മൂന്നാമത്തെ വിമാനത്തിന്‍റെ പണിപ്പുരയിലേക്ക് അമോൽ എത്തിയത്. അതിനായി സ്വന്തം വീടും സ്ഥലവും അമോൽ യാദവിന് വിൽക്കേണ്ടി വന്നു. തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിന്റെ മേൽത്തട്ടിലായിരുന്നു വിമാനം നിർമ്മിച്ചത്. അങ്ങനെ ഏഴ് വർഷത്തെ പരിശ്രമത്തിന് ശേഷം ആറ്പേർക്കിരിക്കാവുന്ന അമോലിന്റെ വിമാനം പറക്കാൻ തയ്യാറായി. മേക്ക് ഇൻ ഇന്ത്യയിൽ ഈ വിമാനം പ്രദർശിപ്പിച്ചിരുന്നു. 10.8 അടിയാണ് ഈ വിമാനത്തിന്റെ ഉയരം. മഹാരാഷ്ട്ര സർക്കാരിൽ നിന്നും ലഭിച്ച അംഗീകാരത്തിന്റെ സന്തോഷത്തിലാണ് അമോൽ അമോൽ യാദവ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam