ഭൂമി വിൽപ്പനയിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ കുറ്റസമ്മതം

By Web DeskFirst Published Jan 31, 2018, 7:21 AM IST
Highlights

കൊച്ചി: സിറോ മലബാർസഭ ഭൂമി ഇടപാടിൽ ക്രമക്കേട് നടന്നുവെന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ കുറ്റസമ്മതം. വൈദിക സമിതി നിയോഗിച്ച അന്വേഷണ കമ്മീഷന് കർദിനാൾ മൊഴി എഴുതി നൽകി. മൊഴിയുടെ പകർപ്പും കമ്മീഷന്‍റെ അന്തിമ റിപ്പോർട്ടും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിവാദമായതോടെയാണ് വൈദിക സമിതി ആറംഗ അന്വേഷണ കമ്മീനെ നിയോഗിച്ചത്.

ഫാദർ ബെന്നി മാരാംപറമ്പിൽ അധ്യക്ഷനായ സമിതിയുടെ അന്തിമ റിപ്പോർ‍ട്ടിലാണ് കർദിനാളിന്‍റെ കുറ്റസമ്മത മൊഴിയുള്ളത്. ഭൂമി വിൽപ്പനയിൽ സഭാ നിയമങ്ങളോ സിവിൽ നിയമങ്ങളോ ലംഘിക്കാൻ ഉദ്ദേശിച്ചിരുന്നില്ല.എന്നാൽൽ ചില ക്രമക്കേടുകൾ സംഭവിച്ചു. അതിൽ ദുഖമുണ്ടെന്ന് കർദിനൾ ആലഞ്ചേരി അന്വഷണ കമ്മീഷന് എഴുതി നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.ഭൂമി വിൽപ്പനയ്ക്ക് സാജു വർഗീസ് കുന്നേലിനെ ഇടനിലക്കാരനാക്കിയത് താനാണെന്നും കർദിനാൾ എഴുതി നൽകിയിട്ടുണ്ട്.

കമ്മീഷൻ മറ്റ് ചില സുപ്രധാന കണ്ടെത്തലുകളും റിപ്പോർ‍ട്ടിലുണ്ട്. എല്ലാ ഭൂമി ഇടപാടുകളും കർദിനാൾ നേരിട്ട് ഇടപെട്ടാണ് നടത്തിയത്. എന്നാൽ ഭൂമി വിൽപ്പനയിലൂടെ കിട്ടേണ്ട പണം അതിരൂപതയ്ക്ക് കിട്ടുമെന്ന് ഉറപ്പാക്കാനുള്ള ഇടപെടൽ കർദിനാൾ നടത്തിയില്ല. സിറോ മലബാർ സഭയുടെ അദ്യകഷനെന്ന നിലയിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സഭാ നിയമങ്ങളെ ബഹുമാനിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. ഭൂമി ഇടപാടിലൂടെ അതിരൂപതയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയവർക്കെതിരെ സഭാ നിയമ പ്രകാരവും സിവിൽ നിയമപ്രകാരവുമുള്ള നടപടി ആവശ്യപ്പെട്ടാണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. ഇന്നെല ചേർന്ന വൈദിക സമിതിയിൽ ഈ റിപ്പോർട്ട് അവതരിപ്പിച്ചപ്പോഴാണ് കർദിനാൾ റിപ്പോർട്ട് അംഗീകരിക്കാതെ യോഗം അവസാനിപ്പിച്ചത്.
 

click me!