എസ്‌ഐയെ തല്ലിയ സിഐടിയു നേതാവിനെതിരെ കേസ്;  സിഐ അടക്കം 8 പേര്‍ക്ക് സ്ഥലംമാറ്റ ഉത്തരവ്

By Web DeskFirst Published Apr 6, 2018, 1:16 AM IST
Highlights
  • സമര സ്ഥലത്ത് സിഐയെ സ്ഥലം മാറ്റുമെന്ന് സിഐടിയു നേതാക്കള്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

കോഴിക്കോട്:   സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ  കേസ്സെടുത്ത സിഐക്ക് സ്ഥലം മാറ്റം. കോഴിക്കോട് കസബ സിഐ പ്രമോദിനെയാണ് കാസര്‍കോട് ജില്ലയിലെ കുമ്പളയ്ക്ക് സ്ഥലം മാറ്റിയത്.  കോഴിക്കോട് മൊഫ്യൂസല്‍ ബസ്സ് സ്റ്റാന്‍ഡില്‍ വച്ച് രണ്ട് എസ്.ഐമാരടക്കമുള്ള പോലീസ് സംഘത്തെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസ്സെടുത്ത സിഐയെ ആണ് സ്ഥലം മാറ്റിയത്. കസബ സ്റ്റേഷനില്‍ നിന്ന് കാസര്‍കോട് കുമ്പള കോസ്റ്റല്‍ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം. . പ്രമോദിനൊപ്പം മറ്റ് 8 പേര്‍ക്കും സ്ഥലംമാറ്റമുണ്ട്.

ബസ്സില്‍ വച്ച് കാലില്‍ ചുമട് ഇട്ടത് ചോദ്യം ചെയ്ത ട്രാഫിക് എസ്‌ഐ ബാബുരാജിനെ സിഐടിയുകാര്‍ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് ഇത് അന്വേഷിക്കാനെത്തിയ കസബ സ്റ്റേഷനിലെ എസ്‌ഐ പ്രകാശനും മൂന്ന് പോലീസുകാര്‍ക്കും മര്‍ദ്ദനമേറ്റു. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയവരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സിഐടിയു പ്രാദേശിക നേതാവ് റിയാസടക്കമുള്ളവരെ പോലീസിനെ ആക്രമിച്ച ശേഷം മോചിപ്പിക്കുകമായിരുന്നു.

ഫെബ്രുവരി 22 നായിരുന്നു സംഭവം.  ഇതുമായി ബന്ധപ്പെട്ട് 25 പേര്‍ക്കെതിരെയാണ് കേസ്സെടുത്തത്. ഇതില്‍ 5 പേര്‍ അറസ്റ്റിലാവുകയും. ഇവരെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെ സിഐടിയു  പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. സമര സ്ഥലത്ത് സിഐയെ സ്ഥലം മാറ്റുമെന്ന് സിഐടിയു നേതാക്കള്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പോലീസിനെതിരെ പരസ്യമായി സിഐടിയു രംഗത്തെത്തിയത് ആഭ്യന്തര വകുപ്പിനും ക്ഷീണമായിരുന്നു
 

click me!