മുറിവേറ്റ ആനയെ എഴുന്നള്ളിച്ച സംഭവം; ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്കെതിരെ കേസ്

By Web DeskFirst Published Mar 26, 2018, 5:01 PM IST
Highlights
  • പരിക്കേറ്റ ആനയെ എഴുന്നള്ളിച്ച സംഭവം
  • ഡോക്ടർക്കെതിരെ കേസെടുക്കും
  • ജില്ലയിൽ സ്വകാര്യ ‍ഡോക്ടർമാർക്ക് വിലക്ക്

കൊച്ചി: കാക്കനാട്ട് പരിക്കേറ്റ ആനയെ എഴുന്നള്ളിച്ച സംഭവത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്കെതിരെ കേസെടുക്കും.ആനയെ നേരിട്ട് കണ്ട് പരിശോധിക്കാതെയാണ് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കണ്ടെത്തി .എറണാകുളം ജില്ലയിൽ സ്വകാര്യ ഡോക്ടർമാർ ആനകൾക്ക്  ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത് ജില്ലാ കളക്ടർ നിരോധിച്ചു.

കാക്കനാട്ടെ  പാട്ടുപുരയ്ക്കാവ്  ക്ഷേത്രത്തിൽ പരിക്കേറ്റ ആനയെ എഴുന്നള്ളിപ്പിച്ച സംഭവത്തിൽ ജില്ലാ കളക്ടർ വനം വകുപ്പിനോട് വിശദീകരണം തേടിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാലാരിവട്ടത്ത് സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ എബ്രഹാം തരകനെതിരെയാണ് കേസെടുക്കുക.  കൂടാതെ ക്ഷേത്രം ഭരവാഹികൾക്കും ആന ഉടമയ്ക്കും പാപ്പാന്മാർക്കും എതിരെയും കേസെടുക്കും.ഈ മാസം ജില്ലയിലെ അസിസ്റ്റന്റ് വെറ്റിനറി ഓഫീസർക്ക് മാത്രമാകും ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ അനുമതി.അടുത്ത മാസം മുതൽ 5 സർക്കാർ ഡോക്ടർമാരെ ഇതിനായി ജില്ലയിൽ നിയോഗിക്കും.

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ സ്വകാര്യ ഡോക്ടർമാക്കും അനുമതി നൽകുന്ന നാട്ടാന പരിപാലന ചട്ടത്തിൽ ഭേദഗതി വരുത്താൻ ജില്ലാ കളക്ടർ സർക്കാരിനോട് ശുപാർശ ചെയ്തു. നാട്ടാന പരിപാലന ചട്ടത്തിലെ ഈ വ്യവസ്ഥ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ആനകളെ ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യിക്കാൻ പാടില്ലെന്നും കളക്ടർ നിർദേശം നൽകി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാലിന് പരിക്കേറ്റ ആനയെ വനം വകുപ്പിന്‍റെ എതിർപ്പ് മറികടന്ന് കാക്കനാട്ടെ ക്ഷേത്രോത്സവത്തിന് എഴുന്നള്ളിച്ചത്.

click me!