ശബരിമല ഇടത്താവളം; ബിജെപി ആരാന്‍റെ ഗര്‍ഭം ഏറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞെന്ന് ദേവസ്വം മന്ത്രി

Web Desk |  
Published : Mar 26, 2018, 04:18 PM ISTUpdated : Jun 08, 2018, 05:51 PM IST
ശബരിമല ഇടത്താവളം; ബിജെപി ആരാന്‍റെ ഗര്‍ഭം ഏറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞെന്ന് ദേവസ്വം മന്ത്രി

Synopsis

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശബരിമല ഇടത്താവള സമുച്ചയം ബിജെപിയെ പരിഹസിച്ച് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശബരിമല ഇടത്താവള സമുച്ചയം നിര്‍മ്മിക്കുന്നതിന്‍റെ ക്രഡിറ്റ് അടിച്ചെടുത്ത് പോസ്റ്ററിറക്കിയെ ബിജെപിയെ പരിഹസിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആരാന്‍റെ ഗര്‍ഭം വരെ ഏറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് ബിജെപിയെന്ന് കടകംപള്ളി പരിസഹിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പരിഹാസം. ശബരിമല ഇടത്താവള സമുച്ചയം ചെങ്ങന്നൂരില്‍ നിര്‍മ്മിക്കുന്നത് കേന്ദ്ര പെട്രോളിയം മന്ത്രാലയമാണെന്നും അത് യാഥാര്‍ത്ഥ്യമാക്കിയ ബിജെപി നേതാക്കള്‍ക്കും കേന്ദ്ര സര്‍ക്കാരിനും അഭിന്ദനമര്‍പ്പിച്ച് ബിജെപി രംഗത്തു വന്നിരുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഭാവനം ചെയ്ത ശബരിമല ഇടത്താവള സമുച്ചയ പദ്ധതിയില്‍ ഒരെണ്ണമാണ് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടും, പൊതുമേഖലാ സ്ഥാപനങ്ങളായ ഐഒസി, ബിപിസിഎല്‍ എന്നിവയുടെ കേരള മേഖലയുമായി സഹകരിച്ചും 36 ക്ഷേത്ര പരിസരങ്ങളില്‍ ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതാണ്. ഇതിന്റെ ഭാഗമായി 10 ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഐഒസി കേരള റീട്ടെയില്‍ ഹെഡ് നവീന്‍ ചരണുമായി ദേവസ്വം ബോര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും എന്റെയും സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ആഴ്ച ഒപ്പിട്ടിരുന്നു

ബിജെപിയെ പരിഹസിച്ച്  മന്ത്രി കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

''മനയ്ക്കലെ പാറുക്കുട്ടിക്ക് ഗര്‍ഭം …" എന്ന് കേട്ടപാതി
''സംഗതി അറിഞ്ഞോ ? അത് ഞമ്മളാണ്'' - മമ്മൂഞ്ഞ് പറയുന്നത് കേട്ട് ആനവാരി രാമന്‍ നായരും, പൊന്‍കുരിശ് തോമയും അമ്പരപ്പോടെ ചോദിച്ചു. 
''അടേ എട്ടുകാലീ, നേരോ ഇത്?......”
“ഇതും ഇതിലപ്പുറവും ചെയ്യുന്ന ഹറാം പിറന്നോനാണ് ഞമ്മള്‍" എന്നായി മമ്മൂഞ്ഞ്. മനയ്ക്കലെ പാറുക്കുട്ടി ഒരു ആനയാണെന്നറിയാതെ ആ ഗര്‍ഭത്തിന്റെയും ഉത്തരവാദിത്തം അവകാശപ്പെട്ട എട്ടുകാലി മമ്മൂഞ്ഞിനെ ഓര്‍ത്ത് ചിരിക്കാന്‍ കാരണമായ ഒരു പോസ്റ്റ് താഴെ ചേര്‍ക്കുന്നു. മനയ്ക്കലെ പാറുക്കുട്ടി ആനയുടെ ഗര്‍ഭം ഏറ്റെടുത്ത മമ്മൂഞ്ഞിനെ പോലെ ശബരിമല ഇടത്താവള സമുച്ചയം ചെങ്ങന്നൂരില്‍ നിര്‍മ്മിക്കുന്നത് കേന്ദ്ര പെട്രോളിയം മന്ത്രാലയമാണെന്ന് ഹറാം പിറപ്പ് വിളിച്ചുകൂവുന്നവരോട് "ചങ്ങായീ, കേന്ദ്ര പെട്രോളിയം മന്ത്രാലയം ഒരു രൂപ പോലും ചെങ്ങന്നൂരില്‍ എന്നല്ല എവിടെയും ശബരിമല ഇടത്താവള സമുച്ചയം നിര്‍മ്മിക്കുന്നതിന് അനുവദിച്ചിട്ടില്ല. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ചുമതല അതല്ല താനും.”

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഭാവനം ചെയ്ത ശബരിമല ഇടത്താവള സമുച്ചയ പദ്ധതിയില്‍ ഒരെണ്ണമാണ് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടും, പൊതുമേഖലാ സ്ഥാപനങ്ങളായ ഐഒസി, ബിപിസിഎല്‍ എന്നിവയുടെ കേരള മേഖലയുമായി സഹകരിച്ചും 36 ക്ഷേത്ര പരിസരങ്ങളില്‍ ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതാണ്. ഇതിന്റെ ഭാഗമായി 10 ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഐഒസി കേരള റീട്ടെയില്‍ ഹെഡ് നവീന്‍ ചരണുമായി ദേവസ്വം ബോര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും എന്റെയും സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ആഴ്ച ഒപ്പിട്ടിരുന്നു. 

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാന പ്രകാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബിപിസിഎല്ലുമായി ചേര്‍ന്ന് ചെങ്ങന്നൂരില്‍ 9.5 കോടി രൂപ ചെലവില്‍ ശബരിമല ഇടത്താവള സമുച്ചയം നിര്‍മ്മിക്കാനും ഇതേ പോലെ ധാരണയുണ്ടാക്കി. ഇടത്താവള നിര്‍മ്മാണത്തിന് പകരമായി ബിപിസിഎല്ലിന് അവിടെ പെട്രോള്‍-ഡീസല്‍ പമ്പ് സ്ഥാപിക്കുന്നതിന് 30 വര്‍ഷത്തേക്ക് സ്ഥലം നല്‍കുകയും ചെയ്യുന്നുണ്ട്. ഇതുപ്രകാരം ചെങ്ങന്നൂരില്‍ ശബരിമല ഇടത്താവള സമുച്ചയം നിര്‍മ്മിക്കുന്നതിന് ഈ മാസം 23 ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. ഈ സമുച്ചയത്തിന്റെ തറക്കല്ലിടല്‍ നാളെ അതായത് 27.03.2018 ന് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്ര പരിസരത്ത് ദേവസ്വം മന്ത്രിയെന്ന നിലയില്‍ ഞാന്‍ നിര്‍വഹിക്കും. അന്തരിച്ച എംഎല്‍എ ശ്രീ. കെ.കെ രാമചന്ദ്രന്‍ നായരുടെ ആഗ്രഹ പൂര്‍ത്തീകരണമാണ് ഇതിലൂടെ നിറവേറ്റുന്നത്.

കീഴാറ്റൂരില്‍ ദേശീയപാതാ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാതെ മറ്റുള്ളവരുടെ ചുമലില്‍ ചാരുന്ന ബിജെപി നേതാക്കള്‍ എന്തിനാണാവോ കേന്ദ്രസര്‍ക്കാരിന് ഒരു പങ്കുമില്ലാത്ത ചെങ്ങന്നൂരിലെ ശബരിമല ഇടത്താവളത്തിന് അവകാശവാദം ഉന്നയിക്കുന്നതെന്ന് പകല്‍ പോലെ വ്യക്തമാണ്. എന്തായാലും ഒരു സന്തോഷമുണ്ട്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനെതിരെ രംഗത്ത് വന്ന സംഘപരിവാര്‍ സംഘടനകള്‍ ചെങ്ങന്നൂരില്‍ അതിന് മുതിരുന്നില്ല എന്നത്.

"അടേ ആനവാരീ..., പൊന്‍കുരിശേ...., സംഗതി അറിഞ്ഞോ" എന്ന് പറഞ്ഞ് നാട്ടിലെ പെണ്ണുങ്ങളുടെയെല്ലാം ഗര്‍ഭത്തെ പറ്റി അത് ഞമ്മളാണ് എന്ന് പറയുന്ന എട്ടുകാലി മമ്മൂഞ്ഞുമാര്‍ നിങ്ങളുടെ യഥാര്‍ത്ഥ ഗര്‍ഭമായ കീഴാറ്റൂര്‍ ബൈപാസ് ആദ്യം ഏറ്റെടുക്ക്. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഇടത്താവള സമുച്ചയം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ്. ചെങ്ങന്നൂരില്‍ മാത്രമല്ല മറ്റ് 36 ക്ഷേത്രങ്ങളിലും ശബരിമല ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഐഒസി, ബിപിസിഎല്‍ എന്നിവയ്ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ പലതും ഈ പദ്ധതിയുമായി സഹകരിക്കും. 

100 കോടി രൂപ കിഫ്ബിയില്‍ നിന്ന് ശബരിമല ഇടത്താവള സമുച്ചയ നിര്‍മ്മാണ പദ്ധതിക്കായി അനുവദിച്ച മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും, ധനമന്ത്രി ഡോ. തോമസ് ഐസക്കിനും പ്രത്യേക നന്ദി കൂടി ഇതിനൊപ്പം അറിയിക്കുന്നു. ആനവാരി രാമന്‍നായരും, പൊന്‍കുരിശ് തോമയും, എട്ടുകാലി മമ്മൂഞ്ഞുമൊക്കെ കള്ള പോസ്റ്റും പിന്‍വലിച്ച് സ്ഥലം വിടുന്നതാണ് നല്ലത്. മമ്മൂഞ്ഞുമാരുടെ ഹറാം പിറപ്പ് ഇവിടെ വേവില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ