പൊലീസ് നടപടിയില്‍ കുട്ടികള്‍ക്ക് പരിക്ക്; ബാലാവകാശ കമ്മീഷൻ കേസെടുത്തു

By Web DeskFirst Published Jun 17, 2017, 6:41 PM IST
Highlights

കൊച്ചി: എറണാകുളം പുതുവൈപ്പിൽ എൽപിജി ടെർമിനലിനെതിരായ സമരത്തിൽ പങ്കെടുത്ത കുട്ടികൾക്കെതിരെ നടന്ന പൊലീസ് നടപടിയിൽ കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ചൈൽഡ് വെൽഫയർ കമ്മിറ്റി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് കമ്മീഷൻ റിപ്പോർട്ട് തേടി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം

കൊച്ചി പുതുവൈപ്പ് എൽപിജി ടെർമിനലിനെതിരെയുള്ള ഉപരോധ സമരക്കാർക്ക് എതിരെയായിരുന്നു പൊലീസ് നടപടി. കൊച്ചി നഗരത്തിൽ ഗതാഗതം തടയാൻ ശ്രമിച്ച സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പുതുവൈപ്പ് ഐഒസി എൽപിജി ടെർമിനലിന് എതിരായ സമരം കൊച്ചി നഗരത്തിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിച്ചതാണ് പൊലീസ് നടപടിയിലേക്ക് എത്തിച്ചത്.  എപിജി ടെർമിനലിനു മുന്നിൽ ജനകീയ സമര സമിതി ഇന്നലെ രാവിലെ തന്നെ ഉപരോധം തുടങ്ങിയെങ്കിലും സമരക്കാരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല. തുടർന്ന് സമരക്കാർ പ്രതിഷേധവുമായി നഗരത്തിലേക്ക് നീങ്ങുകയായിരുന്നു. പുതുവൈപ്പിൽ നിന്ന് ബസിൽ കയറി കൊച്ചി മറൈൻ ഡ്രൈവിലെത്തിയ വനിതാ സമരക്കാർ റോഡിലിറങ്ങിയതോടെ പൊലീസ് ബലം പ്രയോഗിച്ചു.  

പൊലീസ് ലാത്തിച്ഛാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ കൊച്ചിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എൽപിജി ടെർമിനൽ പ്രവർത്തനം തടയാൻ ശ്രമിച്ച സമരക്കാർക്ക് എതിരെ കഴിഞ്ഞ ബുധനാഴ്ചയുടെ പൊലീസ് നടപടി എടുത്തിരുന്നു. 65,000 കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പുതുവൈപ്പ് ദ്വീപിൽ എൽപിജി ടെർമിനൽ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
 

click me!