
പതിനൊന്ന് വയസ്സുകാരനും ഗർഭിണിയും അടക്കം സംസ്ഥാനത്ത് ഇന്ന് എട്ട്പേർ പകർച്ചപ്പനി ബാധിച്ചു മരിച്ചു. ഈ വർഷം ഇതുവരെ പകർച്ചപ്പനിക്ക് ചികിത്സ തേടിയവരുടെ എണ്ണം 12 ലക്ഷമായി. പകർച്ചപ്പനിയിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് നാളെ മുഖ്യമന്ത്രിയെ കാണും.
ഒരു രക്ഷയുമില്ലാതെയാണ് പനിപടരുന്നത്. ഇന്ന് മാത്രം വിവിധ തരം പകർച്ചപ്പനി മൂലം മരിച്ചത് എട്ടുപേർ. തിരുവനന്തപുരം വെള്ളായണിയിലെ പതിനൊന്ന് വയസ്സുകാരൻ അമൽകൃഷ്ണ ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. പനിമൂലം തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന യുപി സ്വദേശിയായ സൈനികൻ ഗൗരീശങ്കർ കൻപാലും മരിച്ചവരിൽ ഉൾപ്പെടുന്നു. വടകര മടപ്പള്ളി പൂതംകുനിയിൽ നിഷയുടെ മരണം എച്ച് വൺ എൻ വണ മൂലം. ഗർഭിണിയായ ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കിൽ ഈ വർഷം ഇതുവരെ വിവിധതരം പനിക്ക് ചികിത്സ തേടിയവരുടെ എണ്ണം 12 ലക്ഷമാണ്. അതിൽ തന്നെ 6808 പേർക്ക് ഡെങ്കിപ്പനി സ്ഥീരികിരിച്ചു. 23,000 പേർക്ക് ഡെങ്കി ഉണ്ടെന്ന് സംശയമുണ്ട്. 764 പേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു.
മഴക്കാലം വരുന്നതിന് മുമ്പ് മുന്നൊരുക്കങ്ങളെല്ലാം നടത്തിയെന്ന് അവകാശപ്പെട്ട ആരോഗ്യവ കുപ്പിന്റേയും തദ്ദേശസ്വയംഭരണ വകുപ്പിന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ് കുതിച്ചുയരുന്ന പനിക്കണക്ക്., മാലിന്യം കുന്നുകൂടി കിടക്കുന്ന തലസ്ഥാനജില്ലയിൽ തന്നെയാണ് ഇതുവരെ ഏറ്റവും അധികം പനിമരണം . തിരുവനന്തപുരത്ത് യുദ്ധസമാനമായി സ്ഥിതിയാണെന്ന് തലസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാർ വിമർശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെയും ജനറൽ ആശുപത്രിയിലെയും പനി ക്ലിനിക്കുകൾ രോഗികളെ കൊണ്ട് നിറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam