
കിളിനക്കോട്: സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ സദാചാര പൊലിസ് ചമയുകയും സമൂഹമാധ്യങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത യുവാക്കള്‍ക്കെതിരെ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരെയാണ് വേങ്ങര പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെൺകുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവ് പുള്ളാട്ട് ഷംസുദ്ധീൻ അടക്കം ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വേങ്ങര പൊലിസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദമാക്കി. ഐപിസി 143, 147, 506, 149 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും വേങ്ങര പൊലിസ് വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്. കിളിനക്കോട് സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ നിന്നെത്തിയ പെണ്‍കുട്ടികള്‍. കല്ല്യാണവീട്ടിൽവെച്ച് ഇതരമതത്തിൽപ്പെട്ട യുവാക്കൾക്കൊപ്പം മുസ്ലിം പെൺകുട്ടികൾ സെൽഫിയെടുക്കുന്നതുകണ്ട നാട്ടുകാരാണ് പെൺകുട്ടികളെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ വിവാഹ വീട്ടില്‍ നിന്ന് മടങ്ങിപ്പോന്ന പെണ്‍കുട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഈ വിഡിയോ പ്രചരിച്ചതോടെയാണ് ഫേസ്ബുക്ക് ലൈവിലൂടെ നാടിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്. പെണ്‍കുട്ടികള്‍ നടത്തിയ ഫെയ്‌സ്ബുക്ക് ലൈവില്‍ നാടിനെയും നാട്ടിലെ യുവാക്കളേയും അധിക്ഷേപിച്ചു സംസാരിച്ചുവെന്നായിരുന്നു ഏതാനും യുവാക്കള്‍ ഫേസ്ബുക്ക് ലൈവിലെത്തി ആരോപിച്ചത്. രണ്ട് വീഡിയോകളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ പെൺകുട്ടികൾക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായ അക്രമമാണ് നേരിടേണ്ടിവന്നത്. ഒരു നാടിനെ അപമാനിച്ചുവെന്നായിരുന്നു പെൺകുട്ടികൾക്കെതിരെ രംഗത്തെത്തിയവരുടെ വാദം.
ഇവിടെ നിന്ന് ഞങ്ങള്‍ക്ക് ഒരുപാട് മാനസിക പീഡനം സഹിക്കേണ്ടിവന്നു. ഇവരൊക്കെ ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. കിളിനക്കോട് വരുന്നവരൊക്കെ കൈയ്യില്‍ ഒരു എമര്‍ജന്‍സി കരുതുക. ഇവിടെ കുറച്ച് വെളിച്ചം എത്തിക്കാനുണ്ട്. പരമാവധി ആരും ഇവിടെ കല്ല്യാണം കഴിച്ച് വരാതിരിക്കുക’ എന്ന ഉപദേശത്തോടു കൂടിയായിരുന്നു പെണ്‍കുട്ടികളുടെ ഫെയ്‌സ്ബുക്ക് ലൈവ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam