അഗസ്റ്റ വെസ്റ്റ്‍ലാൻഡ് കേസ്: ക്രിസ്ത്യന്‍ മിഷേലിനെ ഏഴു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

By Web TeamFirst Published Dec 22, 2018, 5:16 PM IST
Highlights

അഗസ്റ്റ വെസ്റ്റ്‍ലാൻഡ് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ ഏഴു ദിവസത്തെ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ വിട്ടു. മിഷേലിന്‍റെ ജാമ്യാപേക്ഷ ദില്ലിയിലെ സി ബി ഐ കോടതി തള്ളി.

ദില്ലി: അഗസ്റ്റ വെസ്റ്റ്‍ലാൻഡ് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ ഏഴു ദിവസത്തെ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ വിട്ടു. മിഷേലിന്‍റെ ജാമ്യാപേക്ഷ ദില്ലിയിലെ സി ബി ഐ കോടതി തള്ളി.

മിഷേലിന്‍റെ അഭിഭാഷകരുടെ എതിര്‍പ്പ് തള്ളിയാണ് ദില്ലി സി ബി ഐ കോടതി ക്രിസ്റ്റ്യന്‍ മിഷേലിനെ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ വിട്ടത്. ഹെലികോപ്റ്റര്‍ ഇടപാടിലെ കോഴപ്പണം ഇന്ത്യയിലെത്തിയത് ഹവാല മാര്‍ഗ്ഗത്തിലാണെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കോടതിയെ അറിയിച്ചു. പണം ഇന്ത്യയിലെത്തി എന്നുമാത്രമാണ് സി ബി ഐ കണ്ടെത്തിയിരിക്കുന്നത്. 

ഇത് ആര്‍ക്കൊക്കെ കൈമാറി എന്നത് അന്വേഷിക്കണം. സി ബി ഐക്ക് കിട്ടാത്ത ചില സാക്ഷി മൊഴികള്‍ തങ്ങളുടെ പക്കലുണ്ടെന്നും എന്‍ഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മിഷേലിനെ ചോദ്യം ചെയ്യണമെന്നും എന്‍ഫോഴ്സ്മെന്‍റ് കോടതിയോട് പറഞ്ഞു. എത്ര കോഴപ്പണം എന്നത് സംബന്ധിച്ച് സി ബി ഐയുടെ കണ്ടെത്തലും തങ്ങളുടെ കണ്ടെത്തലും തമ്മില്‍ പൊരുത്തക്കേടുണ്ട്. ഇത് പരിഹരിക്കാനും മിഷേലിനെ ചോദ്യം ചെയ്യണമെന്നും എന്‍ഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചിട്ടുണ്ട്. 

നേരത്തെ കോടതി മുറിയില്‍ പതിനഞ്ച് മിനുട്ട് മിഷേലിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരെ കോടതി അനുവദിച്ചിരുന്നു. ചോദ്യെ ചെയ്യലിനിടെ മിഷേലിന്‍റെ അറസ്റ്റ് എന്‍ഫോഴ്സ് മെന്‍റ് രേഖപ്പെടുത്തി. ദീര്‍ഘകാലം കസ്റ്റഡിയില്‍ വയ്ക്കാനുള്ള അന്വേഷണ ഏജന്‍സികളുടെ നടപടി അനുവദിക്കരുതെന്നായിരുന്നു മിഷേലിന്‍റെ അഭിഭാഷകന്‍റെ ആവശ്യം. ജയിലില്‍ സുരക്ഷാ ഭീഷണി ഉള്ളതിനാല്‍ പ്രത്യേക സെല്ല് അനുവദിക്കണമെന്ന മിഷേലിന്‍റെ ആവശ്യവും കോടതി തള്ളി.

click me!