കെ.സുരേന്ദ്രന്‍റെ ജയില്‍ മോചനം വൈകും: ജാമ്യമില്ലാ വകുപ്പ് പ്രകാരം പുതിയ കേസെടുത്തു

By Web TeamFirst Published Nov 22, 2018, 12:44 PM IST
Highlights

സൂരജ് ഇലന്തൂറിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ തലേദിവസം സന്നിധാനത്ത് എത്തിയ കെ.സുരേന്ദ്രനുമായി ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാണെന്ന് പൊലീസ് പറയുന്നു. സന്നിധാനത്ത് 52 വയസ്സുകാരിയെ ആക്രമിച്ചെന്നതാണ് കേസ്.

പത്തനംതിട്ട: റിമാൻഡിൽ കഴിയുന്ന ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പുതിയ കേസെടുത്തു. ഇതോടെ സുരേന്ദ്രന്‍റെ ജയിൽമോചനം വീണ്ടും നീളും. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രസിഡന്‍റ് പി.എസ് ശ്രീധരൻപിള്ള എസ്പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രസർക്കാറിന് പരാതി നൽകുമെന്നും വ്യക്തമാക്കി.

ശബരിമലയിലേക്കുള്ള യാത്രക്കിടെ നിരോധാനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ.സുരേന്ദ്രന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കണ്ണൂരിൽ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസ് ഉള്ളതിനാൽ ജയിൽ മോചിതനായില്ല. ഇതിനിടെയാണ് പുതിയ കേസ്. ചിത്തിര ആട്ട വിശേഷ നാളിൽ 52 കാരിയായ ലളിതയെന്ന തീർത്ഥാടകയെ ആക്രമിച്ചതിൽ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. 120 ബി ചുമത്തിയാണ് പത്തനംതിട്ട കോടതിയിൽ  പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

തൃശ്ശൂർ സ്വദേശിനി ലളിതാ ദേവിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സൂരജ് ഇലന്തൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് ഗൂഢാലോചനയുണ്ടെന്ന കാര്യം വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു.

കെ. സുരേന്ദ്രൻ ഇപ്പോൾ കൊട്ടാരക്കര സബ് ജയിലിൽ തുടരുകയാണ്. കണ്ണൂരിലെ കേസിൽ 26ന് ഹാജരാക്കാനാണ് കോടതി നിർദ്ദേശം. ഈ കേസ് പരിഗണിക്കുന്നത് നേരത്തെയാക്കാനും ജാമ്യമെടുക്കാനുമുള്ള നീക്കത്തിലായിരുന്നു ബിജെപി. ചിത്തിര ആട്ട വിശേഷത്തിലെ സംഭവുമായി ബന്ധപ്പെട്ട പുതിയ കേസിലും ഇനി ജാമ്യമെടുക്കേണ്ടതുണ്ട്.

സുരേന്ദ്രന് പുറമേ അഞ്ച് ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെയും കേസെടുത്തു. വല്‍സലന്‍ തില്ലങ്കേരി, പ്രകാശ് ബാബു, വി.വി രാജേഷ്, എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

click me!