
ദില്ലി: രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള കറൺസി ഇടപാടിന് 100 ശതമാനം പിഴ ഈടാക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതടക്കം ധനവിനിയോഗ ബില്ലിൽ 40 ഭേദഗതികൾ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി ലോക്സഭയിൽ അവതരിപ്പിച്ചു. കള്ളപ്പണം തടയുന്നതിനും കറന്‍സിരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. മൂന്നുലക്ഷം രൂപയ്ക്ക് മുകളിലുള്ള പണം കൈപ്പറ്റുന്നവര്‍ അത്രതന്നെ തുക പിഴയൊടുക്കേണ്ടിവരുമെന്നായിരുന്നു ഫെബ്രുവരിയില്‍ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുിടെ പ്രഖ്യാപനം.
ഏപ്രില്‍ ഒന്നിന് പുതിയ തീരുമാനം നിലവില്‍വരാനിരിക്കെയാണ് പരിധി രണ്ട് ലക്ഷമാക്കി കുറയ്ക്കാനുള്ള പുതിയ നിര്‍ദേശം. വ്യവസ്‌ഥ ലംഘിച്ചാൽ ഇടപാടിലുൾപ്പെട്ട അത്രയും തുക പിഴയായി ഈടാക്കും. രണ്ട് ലക്ഷത്തിന് മുകളിലുള്ള പണം ഇടപാടിനു കാരണം കാണിച്ചാൽ പിഴ ചുമത്തില്ല. ഇക്കാര്യത്തിൽ ആദായ നികുതി ജോയിന്റ് കമ്മിഷണർക്കാണ് തീരുമാനമെടുക്കാനുള്ള അധികാരം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പ്രാബല്യത്തിലായാൽ രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾ ചെക്ക് വഴിയോ ഡിജിറ്റൽ മാർഗങ്ങളിലൂടെയോ നടത്തണം.
നോട്ട് പിൻവലിക്കൽ തീരുമാനത്തിന് ശേഷം പഴയ നോട്ടുകൾ നിക്ഷേപിക്കാൻ ഡിസംബര്‍ 31ന് ശേഷം കേന്ദ്രസര്‍ക്കാര്‍ സമയം അനുവദിക്കാതിരുന്നത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ജെഎസ് കെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത്. പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കൽ പ്രസംഗത്തിൽ പഴയ നോട്ടുകൾ നിക്ഷേപിക്കാൻ മാര്‍ച്ച് 31വരെയാണ് സമയം അനുവദിച്ചിരുന്നത്.
മുന്നറിയിപ്പില്ലാതെ നോട്ട് നിക്ഷേപിക്കുന്നതിനുള്ള സമയം വെട്ടിക്കുറച്ചതെന്തിനെന്ന് കോടതി ചോദിച്ചു. അടുത്ത മാസം 11നകം കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നൽകാനാണ് നിര്‍ദ്ദേശം. പ്രവാസികൾക്ക് നോട്ട് നിക്ഷേപിക്കാൻ കൂടുതൽ സമയം അനുവദിച്ചിട്ടുണ്ടെന്നായിരുന്നു അറ്റോണി ജനറൽ മുകുൾ റോത്തക്കിയുടെ വിശദീകരണം. ഇക്കാര്യം നേരത്തെ വ്യക്തമാക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam