
കോഴിക്കോട്: ദളിത് കുട്ടികൾ പഠിക്കുന്നു എന്ന കാരണത്താൽ സർക്കാർ സ്കൂളിനോട് പ്രദേശവാസികളുടെ അയിത്തം. കോഴിക്കോട് പേരാമ്പ്ര ഗവണ്‍മെന്‍റ് വെൽഫയർ എൽ പി സ്കൂളിലാണ് സംഭവം. കഴിഞ്ഞകൊല്ലം മന്ത്രി ടിപി രാമകൃഷ്ണൻ നേരിട്ട് നാട്ടുകാരുടെ യോഗം വിളിച്ചിട്ടും ദളിത് വിദ്യാർത്ഥികളല്ലാത്ത ആരും ഇത്തവണയും പ്രവേശനത്തിനെത്തിയില്ല.
വൈദ്യുതീകരിച്ച് നിലം ടൈൽ പാകി മനോഹരമാക്കിയ നാല് ക്ലാസ് മുറികളും നിറയെ പഠനോപകരണങ്ങളും ഉള്‍പ്പെട ആധുനിക സൗകര്യങ്ങളെല്ലാം ഈ സ്കൂളില്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഒരു സ്മാർട്ട് ക്ലാസ് റൂം, കളിച്ചുല്ലസിക്കാൻ പാർക്ക്, ഇതൊക്കെയുണ്ട്. പക്ഷേ ഈ എൽ പി സ്കൂളിൽ ആകെയുള്ളത് പതിനാല് കുട്ടികളാണ്.
ഒന്നാംക്ലാസിൽ ഇത്തവണ പ്രവേശനം നേടിയത്. നാല് പേർ മാത്രം. രക്ഷിതാക്കളെല്ലാം കുട്ടികളെ എയിഡഡ് സ്കൂളുകളിൽ ചേർത്തത് കൊണ്ടല്ല ഇങ്ങനെ സംഭവിച്ചത്. തൊട്ടടുത്തുള്ള കിഴിഞ്ഞാണ്യം എൽ പി സ്കൂളിൽ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ പലരും വെൽഫയർ സ്കൂളിന് തൊട്ടടുത്ത് താമസിക്കുന്നവർ. അയിത്തം പറഞ്ഞ് ആരും കുട്ടികളെ ഇവിടെ ചേർക്കാൻ തയ്യാറാവുന്നില്ല എന്നർത്ഥം.
നാല് അധ്യാപകരാണ് ഇവിടെയുള്ളത്. എല്ലാവരും ഇങ്ങോട്ട് സ്ഥലം മാറ്റം ചോദിച്ച് വാങ്ങിയവർ. സാമൂഹ്യ പ്രവർത്തകരും വിദ്യാർത്ഥി സംഘടനകളുമെല്ലാം എല്ലാ വർഷവും സാന്പത്തികമായി വലിയ സംഭാവനകൾ സ്കൂളിനായി ചെയ്യുന്നുണ്ട്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യതകളെ കുറിച്ച് സർക്കാർ തന്നെ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്പോഴാണ് അയിത്തത്തിന്‍റെ പേരിൽ ഒരു സർക്കാർ വിദ്യാലയത്തെ മാറ്റി നിർത്തുന്നത്. കേരളം ഇത് കണ്ടില്ലെന്ന് നടിക്കരുത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam