ബഹ്‌റൈനിലെ താമസ കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഖത്തർ നാവികസേന അംഗങ്ങളും ഉൾപ്പെട്ടു. എന്നാൽ ആർക്കും പരിക്കില്ല. പശ്ചിമേഷ്യയിൽ സംഘർഷം ഏഴാം ദിവസവും തുടരുകയാണ്.
മനാമ: ബഹ്‌റൈനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ പെട്ട് ഖത്തർ അമീറി നാവികസേന അംഗങ്ങളും. ബഹ്‌റൈനിലെ താമസ കേന്ദ്രമാണ് ഇറാൻ ആക്രമിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ആക്രമണം നടക്കുമ്പോൾ സേന അംഗങ്ങൾ കെട്ടിടത്തിലുണ്ടായിരുന്നു. ആക്രമണത്തെ തുടർന്ന്
ശക്തമായ പ്രതികരണവുമായി ഖത്തർ രംഗത്തെത്തി. ഇറാന്‍റെ പ്രത്യാക്രമണ ശേഷി കുറഞ്ഞുവെന്ന അമേരിക്കൻ വാദത്തിനിടെയാണ് ബഹ്റൈനിൽ ഇറാൻറെ ആക്രമണം ഉണ്ടായത്. മനാമയിലെ ഒരു ഹോട്ടലും രണ്ട് അപ്പാർട്ട്മെന്‍റുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുവൈത്തിലും ഇറാനിയൻ ആക്രമണം നടന്നെന്നാണ് റിപ്പോർട്ടുകൾ. പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ ഉണ്ടായ മിസൈൽ ആക്രമണം സൗദി തടയുകയും ചെയ്തു. ഒരാഴ്ച പിന്നിടുമ്പോഴും യുദ്ധം അവസാനിക്കുന്നില്ലെന്ന സൂചനയാണ് ഇരുപക്ഷത്തു നിന്നും വരുന്നത്. ഇറാനെതിരെ ഇറാഖിലെ കുർദിഷ് മേഖല വഴി കരയുദ്ധത്തിന് തയ്യാറെടുക്കുകയാണ് അമേരിക്ക. ലെബനോനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ കൂട്ടപ്പലായനവും തുടരുകയാണ്.
ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണത്തിൽ ഇറാനിൽ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ രാജ്യത്ത് 1230 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പശ്ചിമേഷ്യയിൽ ഏഴാം ദിവസമാണ് സംഘർഷം തുടരുന്നത്. ഇരു രാജ്യങ്ങളും തിരിച്ചടികളുമായി മുന്നോട്ട് പോവുകയാണ്. അതേസമയം, മിനാബിലെ സ്കൂളിൽ 165 കുരുന്നുകളുടെ ജീവനെടുത്ത ആക്രമണം നടത്തിയത് അമേരിക്കയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇറാനിനെതിരെ ശക്തമായ ആക്രമണം തുടരുമെന്നാണ് അമേരിക്കയും ഇസ്രയേലും വ്യക്തമാക്കുന്നത്.


