കാവേരി പ്രശ്നം: കര്‍ണ്ണാടക സർ‍വ്വകക്ഷി യോഗം വിളിച്ചു

By Web DeskFirst Published Sep 21, 2016, 3:20 AM IST
Highlights

ബംഗളുരു: കാവേരിയിൽ നിന്ന് പ്രതിദിനം ആറായിരം ഘന അടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ  അദ്ധ്യക്ഷതയിൽ സർ‍വ്വകക്ഷി യോഗം ചേരും. നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ ഉത്തരവ് നടപ്പാക്കുക ശ്രമകരമാണെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ബംഗളുരുവിലും മാണ്ഡ്യയിലും ജാഗ്രത തുടരുകയാണ്.

ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് തമിഴ്നാടിന് കർണാടകം പ്രതിദിനം ആറായിരം ക്യുസക്സ് വെള്ളം വിട്ടുനൽകണമെന്നാണ് സുപ്രീം കോടതി ഇന്നലെ കർണാടകത്തോട് നി‍ർദ്ദേശിച്ചത്. മഴയില്ലാത്തത് കാരണം നിരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ തമിഴ്നാടിന് വെള്ളം വിട്ടുനൽകുന്നത് ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യത്തിൽ നിയമോപദേശം തേടുമെന്ന് അറിയിച്ചു.

ഇന്ന് അടിയന്തരമന്ത്രിസഭയോഗവും സ‍ർവ്വകക്ഷിയോഗവും ചേ‍‍ർന്ന് തുടർനടപടികൾ ചർച്ച ചെയ്യുമെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേ സമയം സുപ്രീം കോടതിയിൽ തിരിച്ചടിയുണ്ടായത് സിദ്ധരാമയ്യയുടെ പിടിപ്പുകേട് കാരണമാണെന്ന് ബിജെപി വിമർശിച്ചു. തമിഴ്നാടുമായി വെള്ളം പങ്കിടണമെന്ന ഉത്തരവിൽ പ്രതിഷേധിച്ച് ജെഡിഎസ് നേതാവ് പുട്ട രാജു മാണ്ഡ്യ എംപി സ്ഥാനം രാജിവച്ചു.

സംഘർ‍ഷ സാധ്യത കണക്കിലെടുത്ത് ബംഗളുരുവിലും കാവേരി നദിതട ജില്ലകളിലും സുരക്ഷ കർ‍ശനമാക്കിയിട്ടുണ്ട്.. കഴിഞ്ഞ ആഴ്ച സംഘർ‍ഷമുണ്ടായ സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. ആക്രമണമുണ്ടായേക്കാമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ ഇന്നും നാളെയും ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും കേരള ആർടിസി ബസുകൾ സ‍ർവ്വീസ് നടത്തില്ലെന്ന് അധികൃതർ അറിയിച്ചു.

click me!