ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക്

By Web DeskFirst Published Mar 7, 2018, 2:35 PM IST
Highlights
  • കേരള പോലീസിന്‍റെ അന്വേഷണം ഫലപ്രദമല്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്

കൊച്ചി;യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. കേരള പോലീസിന്‍റെ അന്വേഷണം ഫലപ്രദമല്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. ഷുഹൈബിന്‍റെ കുടുംബ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി.

രാവിലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ കടുത്ത പരാമര്‍ശങ്ങളാണ് ഹൈക്കോടതിയില്‍ നിന്നുമുണ്ടായത്. കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസനാപ്പിക്കാന്‍ ചെറുവിരലെങ്കിലും അനക്കാന്‍ സര്‍ക്കാരിന് സാധിക്കുമോയെന്ന് ചോദിച്ചു. 

തുടർ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. ആരാണ് ഇതിന് പിന്നിലെന്ന് എല്ലാവർക്കും അറിയാം എന്നാൽ പലരും കൈകൾ കഴുകി പോകുന്നു.നിലവിലുള്ള അന്വേഷണം ഫലപ്രദമല്ല, സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നു പറയുന്നില്ല .പക്ഷേ ഇതു പോരാ, പോലീസ് നീതിയുക്തമായ അന്വേഷണം നടത്താന്‍ തയ്യാറാക്കുമോ....? ഇത്രയും ദിവസം പ്രതികളെ കസ്റ്റിഡിയില്‍ കിട്ടിയിട്ടും അവരില്‍ നിന്ന് എന്തെങ്കിലും വിവരങ്ങള്‍ നേടിയെടക്കാന്‍ പോലീസിന് സാധിച്ചില്ല.കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ വളരെ വൈകിയാണ് കണ്ടെത്തിയത്. കേസില്‍ പിടിയിലായ പ്രതികള്‍ക്ക് ഷുഹൈബിനോട് എന്തെങ്കിലും വിരോധമുണ്ടായിരുന്നോ എന്ന് ചോദിച്ച കോടതി സമാനമായ നിരവധി കേസുകള്‍ സംഭവിച്ചിട്ടുണ്ടെന്നും നിരീക്ഷിച്ചു. 

അതേസമയം ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. രാവിലെ ഇതേ നിലപാടായിരുന്നു മുഖ്യമന്ത്രിയും നിയമസഭയില്‍ സ്വീകരിച്ചത്. പോലീസ് കേസ് തെളിയിച്ച് കഴിഞ്ഞെന്നും പ്രതികൾ എല്ലാം അറസ്റ്റിലായിട്ടുണ്ടെന്നും ആയുധങ്ങള്‍ കണ്ടെടുതെന്നും മുഖ്യമന്ത്രി രാവിലെ പറഞ്ഞിരുന്നു. ഇതേ കാര്യങ്ങളാണ് സര്‍ക്കാര്‍ അഭിഭാഷകനും ഹൈക്കോടതിയില്‍ പറഞ്ഞത്. 

click me!