30 വർഷം മുമ്പത്തെ ഭവന കുംഭകോണ കേസിൽ കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചതിനെ തുടർന്ന് മഹാരാഷ്ട്ര കായിക മന്ത്രിയും എൻസിപി നേതാവുമായ മണിക്‌റാവു കൊകാതെ രാജിവച്ചു. രാജി മഹായുതി സഖ്യത്തിനുള്ളിൽ അഭിപ്രായ വ്യത്യാസത്തിന് കാരണമായി.

മുംബൈ: 30 വർഷം മുമ്പത്തെ ഭവന കുംഭകോണ കേസിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ മഹാരാഷ്ട്ര കായിക മന്ത്രിയും എൻസിപി നേതാവുമായ മണിക്‌റാവു കൊകാതെ രാജിവച്ചു. സംഭവം മഹായുതി സഖ്യത്തിനുള്ളിൽ രാഷ്ട്രീയ കോളിളക്കത്തിന് കാരണമായി. കായിക വകുപ്പ് കൈകാര്യം ചെയ്തിരുന്ന കൊകാതെ, അഴിമതിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തുകയും രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. നാസിക് സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മന്ത്രി രാജിവെച്ചതോടെ വകുപ്പിന്റെ ചുമതല ഉപമുഖ്യമന്ത്രിയായ അജിത് പവാർ ഏറ്റെടുത്തു.

1995-ൽ ഒരു ഭവന പദ്ധതിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണം ദുരുപയോഗം ചെയ്ത കേസിലാണ് കൊക്കാതെയും സഹോദരൻ വിജയ് കൊക്കാതെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. നേരത്തെ മജിസ്‌ട്രേറ്റ് വിധിച്ച ശിക്ഷ സെഷൻസ് കോടതി ശരിവച്ചു. ഇതോടെ അദ്ദേഹം നിയമസഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടു. തെരഞ്ഞെടുപ്പ് നിയമപ്രകാരം, രണ്ട് വർഷമോ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ടാൽ, ഉന്നത കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ ഉടനടി അയോഗ്യത ലഭിക്കും.

വിധിയെത്തുടർന്ന് മന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. വെള്ളിയാഴ്ച കേസ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. പിന്നീട്, കൊക്കാതെയെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വർഷം ആദ്യം സംസ്ഥാന നിയമസഭയിൽ മൊബൈൽ ഫോണിൽ റമ്മി കളിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു.

വിധി വന്നതിന് പിന്നാലെ, ഉപമുഖ്യമന്ത്രി അജിത് പവാർ തന്റെ തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കുകയും എൻസിപിയുടെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ട് സ്ഥിതിഗതികൾ വിശദീകരിച്ചു. ശിക്ഷിക്കപ്പെട്ട ഒരു മന്ത്രിയെ സംരക്ഷിക്കുന്നതായി സർക്കാരിന് കാണാൻ കഴിയില്ലെന്ന് വാദിച്ചുകൊണ്ട് ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) ശിവസേനയും കൊക്കാതെയുടെ രാജിയിൽ ഉറച്ചുനിന്നു. സഖ്യ പാര്‍ട്ടികളുടെ നിലപാടില്‍ എന്‍സിപിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.