
ന്യൂഡല്‍ഹി: തമിഴ്‌നാട് തപാല്‍ വകുപ്പില്‍ പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ് തസ്‍തികകളിലേക്കു നടന്ന പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഹരിയാനക്കാരും പഞ്ചാബികളും വന്‍തോതില്‍ ഇടംപിടിച്ചതിനേക്കുറിച്ചു സി.ബി.ഐ. അന്വേഷണമാരംഭിച്ചു. തമിഴ് ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും ഇതരസംസ്ഥാനക്കാര്‍ മികച്ച മാര്‍ക്ക് കരസ്ഥമാക്കിയതാണു സംശയത്തിനിടയാക്കിയത്. ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് പത്രമാണ് ഇതുസംബന്ധിച്ച് വാര്‍ത്തപുറത്തുവിട്ടത്.
പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ് തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് കഴിഞ്ഞ ഡിസംബര്‍ 11-നു തമിഴ്‌നാട്ടിലെ അഞ്ചു കേന്ദ്രങ്ങളിലാണു പരീക്ഷ നടന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ഫലം പ്രഖ്യാപിച്ചു. എന്നാല്‍ ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനക്കാര്‍ അസാധാരണവിജയം നേടിയത് അധികൃതരെ അമ്പരപ്പിച്ചു. മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളും പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്തതു ഹരിയാനയില്‍നിന്നാണ്.
പൊതുവിജ്ഞാനം, ഗണിതം, ഇംഗ്ലീഷ്, തമിഴ് എന്നീ വിഷയങ്ങളിലായിരുന്നു പരീക്ഷ. ഇതില്‍ തമിഴിലുള്‍പ്പെടെ ഇതരസംസ്ഥാനക്കാര്‍ പ്രാവീണ്യം തെളിയിച്ചതു സംശയത്തിന്‍റെ ആഴം വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് തമിഴ്‌നാട് തപാല്‍വകുപ്പിന്റെ പരാതിപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.
ഹരിയാനയില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളെല്ലാം ആ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ പഠിച്ചവരാണ്. അതുകൊണ്ടുതന്നെ അവര്‍ക്കു തമിഴ് ഭാഷയില്‍ പ്രാവീണ്യമുണ്ടാകാന്‍ ഒരു സാധ്യതയുമില്ലെന്നു സി.ബി.ഐയുടെ പ്രാഥമിക വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിയാനയുടെ വിവിധ ജില്ലകളിലുള്ള 47 ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ചതു സോണിക് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിലെ ഒരു കമ്പ്യൂട്ടറില്‍നിന്നുള്ള ഐ.പി. വിലാസമാണ്. അതില്‍തന്നെ 36 പേര്‍ ഒരേ ഇ-മെയില്‍ ഐ.ഡിയില്‍നിന്നാണ് അപേക്ഷ അയച്ചത്. തപാല്‍വകുപ്പിന്റെ വിവിധ ഡിവിഷനുകളിലേക്കുള്ള പൊതുപരീക്ഷയില്‍ ചില ഉദ്യോഗാര്‍ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചതായി എഫ്.ഐ.ആറില്‍ പറയുന്നു.
കഴിഞ്ഞമാസം തപാൽ വകുപ്പ് പോസ്റ്റ്മാൻ കം മെയിൽഗാർഡിന്റെ ഒഴിവിലേക്കായി കേരളത്തില്‍ നടത്തിയ പരീക്ഷയുടെ ചോദ്യപ്പേപ്പറും ചോർന്നിരുന്നു. സംഭവത്തിൽ ഹരിയാന സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു. മൊബൈൽ ഫോണുമായി പരീക്ഷാഹാളിലെത്തിയ സോണിപ്പത്ത് ഗൊററിലെ കുൽവന്ത് (22), അടിവസ്ത്രത്തിൽ നിന്നു മൊബൈൽ ഫോണും ശരീരത്തിൽ ഒട്ടിച്ചുവച്ച നിലയിൽ ഇയർഫോണുമായി ഹരീഷ് (21) എന്നിവരാണു പൊലീസിന്റെ പിടിയിലായത്.
കാസര്‍കോട് വിദ്യാനഗർ ചിന്മയ വിദ്യാലയത്തിൽ പരീക്ഷയെഴുതുകയായിരുന്ന ഉദ്യോഗാർഥിയിൽ നിന്ന് ഇൻവിജിലേറ്റർ മൊബൈൽ ഫോൺ പിടികൂടിയതോടെയാണ് ചോദ്യപ്പേപ്പർ ചോർന്ന വിവരം അറിയുന്നത്. കുൽവന്തിനു ലഭിച്ച ചോദ്യപ്പേപ്പറിന്റെ കോഡ് തന്റെ കയ്യിലുണ്ടായിരുന്ന മൊബൈലിൽ നിന്നു സന്ദേശം അയയ്ക്കുകയായിരുന്നു. ഇതു കണ്ട ഇൻവിജിലേറ്റർ മൊബൈൽ ഫോൺ പിടിച്ചെടുത്തു. പിന്നീട് ഇതിലേക്ക് ഉത്തരങ്ങൾ സന്ദേശമായി എത്താൻ തുടങ്ങിയതോടെ പൊലീസിൽ വിവരം അറിയിച്ചു.
കുൽവന്ത് ഉപയോഗിച്ച സിംകാർഡ് കണക്‌ഷൻ എടുത്തതു ഹരിയാനയിൽ നിന്നാണെന്നും സന്ദേശം വന്നത് ഹരിയാനയിൽ തന്നെ ഉപയോഗിക്കുന്ന മറ്റൊരു സിംകാർഡിൽ നിന്നാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കാസര്‍കോട്ട് നടന്ന പരീക്ഷയില്‍ പങ്കെടുത്ത 186 പേരില്‍ 170 പേരും ഹരിയാന സ്വദേശികളാണെന്നതും മറ്റൊരു കൗതുകം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam