
തിരുവനന്തപുരം: സിബിഐ കേസ് തെളിയിച്ചത് സിനിമകളിൽ മാത്രമെന്ന് സ്വരാജ് എംഎൽഎ. സിബിഐ അന്വേഷിച്ചാൽ കേസ് തെളിയുമെന്ന ഒരു പൊതുബോധം മലയാളിക്കുണ്ട്. ഈ ബോധത്തിന്‍റെ അടിസ്ഥാനത്തിലാണ് കാസർകോട് ഇരട്ടക്കൊലപാതകവും സിബിഐ അന്വേഷിക്കണമെന്ന ആവശ്യമുയരുന്നതെന്ന് സ്വാരാജ് എംഎൽഎ ന്യൂസ് അവറിൽ പറഞ്ഞു.
എസ് എൻ സ്വാമി തിരക്കഥ എഴുതി മമ്മൂട്ടി നായകനായെത്തിയ സിബിഐ ചിത്രങ്ങളിൽ മാത്രമാണ് സിബിഐ കേസ് തെളിയിച്ചിട്ടുള്ളത്. കേരളത്തിൽ സിബിഐ ആദ്യമായി അന്വേഷിച്ച പാനൂർ സോമൻ വധക്കേസ് മുതലുള്ള ഒരു കേസിലും സിബിഐ പ്രതികളെ പിടിച്ചിട്ടില്ലെന്നും സ്വാരാജ് അഭിപ്രായപ്പെട്ടു.
സിബിഐ ഏറ്റെടുത്ത കേസുകളിൽ ഒന്നും അവർ പുതിയ പ്രതികളെ കണ്ടെത്തുകയോ അന്വേഷണം പൂർത്തിയാക്കുകയോ ചെയ്തിട്ടില്ല. ഒന്നുകിൽ കേരളാ പൊലീസിന്‍റെ നിഗമനങ്ങളിൽ തന്നെ എത്തിച്ചേരുകയോ അല്ലെങ്കിൽ രാഷ്ട്രീയ പ്രേരിതമായ നടപടികൾ സ്വീകരിക്കുകയും കോടതിയിൽ തോറ്റു തുന്നം പാടുകയോ ആണ് ചെയ്തിട്ടുള്ളത്. ഇതാണ് ഇന്ത്യയിലെയും കേരളത്തിലെയും സിബിഐയുടെ ട്രാക്ക് റെക്കോർഡെന്നും സ്വരാജ് പറഞ്ഞു.
കേരളത്തിൽ സിബിഐ അന്വേഷിച്ച് കണ്ടെത്തി മാതൃകയായ ഒരു കേസെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയുമോ എന്നും സ്വരാജ് ന്യൂസ് അവറിൽ ചോദിച്ചു.
രാഷ്ട്രീയ പ്രേരിതമായ സിബിഐ നടപടികൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്ന കോൺഗ്രസ് കേരളത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്തുകൊണ്ടാണെന്നും സ്വരാജ് ന്യൂസ് അവറിൽ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam