ഉന്നാവോ ബലാത്സംഗം: ബിജെപി എംഎല്‍എയെ സിബിഐ അറസ്റ്റ് ചെയ്തു

By Web DeskFirst Published Apr 13, 2018, 6:16 AM IST
Highlights
  • ഇന്ത്യാഗേറ്റിലേക്ക് കോണ്‍ഗ്രസിന്‍റെ അര്‍ദ്ധരാത്രി പ്രതിഷേധം

  • പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

  • കത്ത്വ, ഉന്നാവോ സംഭവങ്ങൾ ദേശീയ പ്രശ്നമെന്ന് രാഹുൽ

ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസിൽ എംഎൽഎ കുൽദീപ് സിംഗ് സെങ്കാറിനെ സിബിഐ കസ്റ്റഡിയിലെടുത്തു. കോൺഗ്രസിന്‍റെ അർദ്ധരാത്രി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി.

കത്ത്വ, ഉന്നാവോ സംഭവങ്ങൾ ഉയര്‍ത്തി രാഹുൽഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ ഇന്നലെ ഇന്ത്യാഗേറ്റിലേക്ക് അര്‍ദ്ധരാത്രിയിൽ പ്രതിഷേധ മാര്‍ച്ച് നടത്തി. മെഴുകുതിരിയും പ്ളക്കാര്‍ഡുകളുമായി നൂറുകണക്കിന് പേരാണ് അര്‍ദ്ധരാത്രി മാര്‍ച്ചിന്‍റെ ഭാഗമായത്. പെണ്‍കുട്ടികൾക്ക് നേരെ നടന്ന അതിക്രമം രാഷ്ട്രീയ വിഷയമല്ല മറിച്ച് ദേശീയ വിഷയമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

രാത്രി 11 മണിയോടെയാണ് ദില്ലിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസിന്‍റെ അര്‍ദ്ധരാത്രി മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് ഇന്ത്യാഗേറ്റിലേക്ക് എത്തുന്നത് തടയാൻ പൊലീസ് ബാരിക്കേഡ് തീര്‍ത്തെങ്കിലും അത് മറികടന്ന് അമര്‍ ജവാൻ ജ്യോതിവരെ എത്തിയ പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും മുദ്രാവാക്യങ്ങൾ മുഴക്കി. 

രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പുറമെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, അംബികാസോണി, അശോക് ഖേലോട്ട്, അഹമ്മദ്പട്ടേൽ തുടങ്ങിയ നേതാക്കളും എത്തി. ജമ്മുവിലെ കത്വായിൽ എട്ടുവയസ്സുകാരി ആസിഫക്കും ഉന്നാവോയിലെ പെണ്‍കുട്ടിക്കും നേരിടേണ്ടി വന്ന അധിക്രം ദേശീയ പ്രശ്നമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

മെഴുകുതിരി കത്തിച്ചും പ്ളക്കാര്‍ഡുകൾ ഉയര്‍ത്തിയും മാര്‍ച്ചിന്‍റെ ഭാഗമാകാൻ അര്‍ദ്ധ്രരാത്രിയിലും നിരവധി പേര്‍ എത്തിക്കൊണ്ടിരുന്നു. പുലര്‍ച്ചെ ഒന്നര മണിവരെ പ്രിയങ്കഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ത്യാഗേറ്റിൽ കുത്തിരുന്നു. ദില്ലി പെണ്‍കുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിന് ശേഷം ഉണ്ടായ അര്‍ദ്ധരാത്രി പ്രതിഷേധങ്ങൾക്ക് സമാനമായ രീതിയിലായിരുന്നു കോണ്‍ഗ്രസിന്‍റെയും പ്രതിഷേധം. 

ദില്ലി സംഭവത്തിന് ശേഷം കോണ്‍ഗ്രസിനെതിരെ ബി.ജെ.പി പ്രധാന ആയുധമാക്കിയത് സ്ത്രീ സുരക്ഷയായിരുന്നു. അതിനുള്ള മറുപടികൂടിയാണ് കോണ്‍ഗ്രസ് നൽകുന്നത്.

click me!