ലാവലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

By Web DeskFirst Published Dec 19, 2017, 7:57 PM IST
Highlights

ദില്ലി: ലാവലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തനാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.  കേസില്‍ പിണറായിക്കെതിരെ തെളിവുകള്‍ ഉണ്ടെന്നാണ് സിബിഐ ഹര്‍ജിയില്‍ പറയുന്നത്. വൈദ്യുതി മന്ത്രിയായ പിണറായി അറിയാതെ ലാവ്ലിന്‍ ഇടപാട് നടക്കില്ലെന്ന് ഹര്‍ജിയില്‍ സിബിഐ പറയുന്നു.

നേരത്തെ കേസില്‍ ഹര്‍ജി നല്‍കുന്നതില്‍   സിബിഐയുടെ മെല്ലെപ്പോക്കായിരുന്നു സ്വീകരിച്ചത്. ഹൈക്കോടതി വിധി വന്ന് 90 ദിവസത്തിനുള്ളില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കണം എന്നായിരുന്നു. അത്തരത്തില്‍ നോക്കിയാല്‍ നവംബര്‍ 21ന് സിബിഐ ഹര്‍ജി നല്‍കണം. എന്നാല്‍ ഒരു മാസത്തിന് അടുത്ത് വൈകിയാണ് ഹര്‍ജി നല്‍കിയത്.

അതേ സമയം ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പ്രതികളായ കസ്തൂരിരങ്ക അയ്യരും ആര്‍ ശിവദാസനും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജികള്‍ എല്ലാം ഇനി ഒന്നിച്ച് പരിഗണിക്കാനാണ് സാധ്യത. അടുത്തിടെ ഈ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഹര്‍ജി ഒരു മാസത്തേക്ക് മാറ്റിവച്ചിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തിമൂന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജസെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയിന്‍റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കസ്തൂരി രങ്ക അയ്യര്‍, ആര്‍.ശിവദാസ്, വൈദ്യുതി ബോര്‍ഡ് അംഗം കെ.ജി.രാജശേഖരന്‍ നായര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കേരള ഹൈക്കോടതി ഉത്തരവിട്ടു.

click me!