ശ്രീജിവിന്റെ മരണം: സിബിഐ ഇന്ന് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിക്കും

By Web DeskFirst Published Jan 24, 2018, 11:43 AM IST
Highlights

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവ് പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവത്തില്‍ സി.ബി.ഐ ഇന്ന് എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിക്കും. അസ്വാഭാവിക മരണത്തിനാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം സെക്രട്ടേറിയറ്റിന് മുന്ന് സഹോദരന്‍ ശ്രീജിത്തിന്റെ സമരം ഇപ്പോഴും തുടരുകയാണ്.

ശ്രീജിവിന്റെ മരണത്തില്‍ പാറശാല പൊലീസ് 2014ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് എറ്റെടുക്കുന്നതായാണ് സി.ബി.ഐ ചെയ്തത്. നേരത്തെ കേസ് അന്വേഷിച്ച ലോക്കല്‍ പൊലീസ് ആരെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടില്ലാത്തതിനാല്‍ സി.ബി.ഐയുടെ എഫ്.ഐ.ആറിലും ആരുടെയും പേരില്ല.  ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ന് കോടതിയില്‍ എഫ്.ഐ.ആര്‍ നല്‍കുന്നതോടെ അന്വേഷണ നടപടികള്‍ തുടങ്ങും. കേസിന്റെ രേഖകളെല്ലാം നല്‍കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിലെ അന്വേഷണ ഉദ്ദ്യോഗസ്ഥനായ ഡി.വൈ.എസ്.പി പ്രതാപന്‍ നായര്‍ക്ക് ഇന്നലെ സി.ബി.ഐ കത്തുനല്‍കി. ഇന്ന് വൈകുന്നേരം നാല് മണിയോടെ കേസില്‍ ഇതുവരെ ശേഖരിച്ച എല്ലാ തെളിവുകളും സി.ബി.ഐക്ക് കൈമാറുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

അതേസമയം സെക്രട്ടേറിയറ്റിന് മുന്നില്‍ ശ്രീജിത്ത് ഇപ്പോഴും സമരം തുടരുകയാണ്. സി.ബി.ഐ കേസെടുത്തതോടെ, പ്രക്ഷോഭം വിജയമാണെന്നു വിലയിരുത്തി സോഷ്യല്‍ മീഡിയ കൂട്ടായ്മ ഇന്നലെ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുംവരെ സമരം തുടരുമെന്നാണ് ശ്രീജിത്ത് പറയുന്നത്.

 

click me!