പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്കിളവ് നല്‍കാന്‍ സിബിഎസ്ഇ തീരുമാനം

By Web DeskFirst Published Feb 28, 2018, 12:39 PM IST
Highlights

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇക്കുറി പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷ സി.ബി.എസ്.ഇ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ദില്ലി: അടുത്തയാഴ്ച പത്താം ക്ലാസ് പരീക്ഷയെഴുതാനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി സി.ബി.എസ്.ഇ. പാസ് മാര്‍ക്കില്‍ ഇക്കുറി ഒറ്റത്തവണ ഇളവ് നല്‍കും. പരീക്ഷയ്‌ക്കും ഇന്റേണല്‍ അസസ്മെന്റിനും കൂടി മൊത്തത്തില്‍ 33 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് പരീക്ഷ പാസാവാം.

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇക്കുറി പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷ സി.ബി.എസ്.ഇ നിര്‍ബന്ധമാക്കിയിരിക്കുന്നത്. 2010-11 മുതല്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ താല്‍പര്യമുള്ളവര്‍ മാത്രം എഴുതിയാല്‍ മതിയായിരുന്നു. അല്ലാത്തവര്‍ക്ക് സ്കൂളുകളിലെ പരീക്ഷയെഴുതി 11-ാം ക്ലാസിലേക്ക് പ്രവേശനം നേടാനുള്ള അവസരവും ലഭ്യമാക്കിയിരുന്നു. ഇത് അവസാനിപ്പിച്ചാണ് ഇക്കുറി എല്ലാ വിദ്യാര്‍ത്ഥികളും പൊതുപരീക്ഷയെഴുതണമെന്ന നിബന്ധന വെച്ചത്. ഇന്റേണല്‍ അസസ്‍മെന്റിനും പരീക്ഷയ്‌ക്കും പ്രത്യേകമായി 33 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ പരീക്ഷ പാസാകില്ലെന്നായിരുന്നു നേരത്തെ നല്‍കിയ അറിയിപ്പ്. എന്നാല്‍ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ അവസ്ഥ പരിഗണിച്ച് 2018 വര്‍ഷത്തേക്ക് മാത്രം ഇളവ് അനുവദിക്കാന്‍ സി.ബി.എസ്.ഇ തീരുമാനിക്കുകയായിരുന്നു.

click me!