
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ സുരക്ഷാ ക്യാമറകളെല്ലാം കണ്ണടച്ചു.ആകെയുള്ള 88 ക്യാമറകളിൽ ഒന്നുപോലും കഴിഞ്ഞ എട്ടുമായമായി പ്രവർത്തിക്കുന്നില്ല.അതീവ സുരക്ഷാ പ്രശ്നമായിട്ടും ക്യാമറകൾ പ്രവർത്തന ക്ഷമമാക്കാൻ ഒരു നടപടിയും ഇതുവരെയുണ്ടായില്ല. പഞ്ചാബിൽ തടവുപുള്ളികൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ജയിൽ ചാടിയ സംഭവം ഉണ്ടായത് ഈ അടുത്തകാലത്താണ്. എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന് നിലപാടിലാണ് പൂജപ്പുര സെൻട്രൽ ജയിൽ അധികൃതർ.
കൊടുകുറ്റവാളികളെയടക്കം പാർപ്പിച്ച ജയിലിൽ സുരക്ഷയ്ക്കായി സ്ഥാപിച്ച 88 ക്യാമറകളിൽ ഒന്നുപോലും പ്രവൃത്തിക്കുന്നില്ലെന്ന വെളിപ്പെടുത്തലാണ് ജയിൽ അധികൃതർ വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിൽ നടത്തുന്നത്. ബണ്ടിചോർ, റിപ്പർ ജയാനന്ദൻ അടക്കമുള്ള കൊടു കുറ്റവാളികളടക്കം 1286 തടവുകാരാണ് സെൻട്രൽ ജിയിലിലുള്ളത്. ജയിലിൽ ഉൾക്കൊള്ളാവുന്നതിന്റെ ഇരട്ടി തടവുകാർ. അതിനാൽ തന്നെ പ്രത്യേക നിരീക്ഷണം ജയിലിൽ ആവശ്യമുണ്ട്. ഇത്തരം ഗുരുതരമായ സാഹചര്യം നിലനിൽക്കുമ്പോഴാണ് ക്യാമറകളെല്ലാം കണ്ണടച്ചിരിക്കുന്നത്.
ക്യാമറയുടെ യുപിഎസ്, ബാറ്ററി യൂണിറ്റുകളാണ് കേടു വന്നിട്ടുള്ളത്. അതിനാൽ ഒരു ക്യാമറയും പ്രവർത്തിപ്പിക്കാനാകില്ല. കഴിഞ്ഞ ഡിസംബർ വരെ ക്യാമറകളുടെ സാങ്കേതിക തകരാറുകൾ മാറ്റാൻ വാർഷിക കരാറുണ്ടായിരുന്നു അത് ഡിസംബറോടെ അവസാനിച്ചു. കരാർ പുതുക്കാത്തതും തിരിച്ചടിയായി. ഫണ്ടിന്‍റെ അപര്യാപ്തയാണ് സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയാത്തതിന് കാരണമെന്നാണ് ജയിൽ അധികൃതർ പറയുന്നത്. ക്യാമറകൾ പ്രവർത്തന ക്ഷമമാക്കാൻ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജിയിൽ ഡിജിപിക്ക് കത്ത് അയച്ചിട്ടുണ്ടെന്ന് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam