ഇറാനുമായുള്ള യുദ്ധത്തിനെതിരെ അമേരിക്കയിൽ അഭിപ്രായ വ്യത്യാസം ഉയരുന്നതിനിടെയാണ് ട്രംപിന്‍റെ വിശ്വസ്തനായ സെനറ്ററുടെ ന്യായീകരണം. അമേരിക്കൻ സഹായത്തോടെയുള്ള സിവിലിയൻ ആണവ പദ്ധതി ഇറാന് വാഗ്ദാനം ചെയ്തിരുന്നുവെന്ന് ലിൻഡ്സെ ഗ്രഹാം

വാഷിങ്ടണ്‍: എന്തുകൊണ്ട് ഇറാനെ ആക്രമിച്ചെന്ന ചോദ്യത്തിന് മറുപടിയുമായി യു.എസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം. അമേരിക്കൻ സഹായത്തോടെയുള്ള സിവിലിയൻ ആണവ പദ്ധതി ഇറാന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 6 ശതമാനത്തിന് മുകളിൽ സമ്പുഷ്ടീകരിച്ച 460 കിലോ യുറേനിയം കൈവശമുണ്ടെന്ന് വീമ്പുപറയുകയാണ് ഇറാൻ ചെയ്തത്. ഈ സാഹചര്യത്തിലാണ് ഇറാനെ ആക്രമിച്ചതെന്നാണ് സെനറ്ററുടെ ന്യായീകരണം. അതായത് ആണവായുധം നിർമിക്കാനുള്ള യുറേനിയം കൈവശമുണ്ടെന്ന് ഇറാൻ വീമ്പടിച്ചെന്നാണ് യു.എസ് സെനറ്റർ പറയുന്നത്. ഇറാനുമായുള്ള യുദ്ധത്തിനെതിരെ അമേരിക്കയിൽ അഭിപ്രായ വ്യത്യാസം ഉയരുന്നതിനിടെയാണ് ട്രംപിന്‍റെ വിശ്വസ്തനായ സെനറ്ററുടെ ന്യായീകരണം. ഇറാനുമായുള്ള യുദ്ധത്തിൽ പ്രതിഷേധിച്ച് അമേരിക്കയുടെ നാഷണൽ കൗണ്ടർ ടെററിസം സെന്റർ (എൻസിടിസി) ഡയറക്ടർ ജോസഫ് കെന്റ് രാജിവെച്ചിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ഇറാനുമായുള്ള യുദ്ധത്തെ പിന്തുണയ്ക്കാൻ തനിക്ക് കഴിയില്ലെന്നും ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയൊന്നും ഉയർത്തിയിട്ടില്ലെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ജോസഫ് കെന്‍റ്. ഇസ്രായേലിന്‍റെയും അവരുടെ ശക്തമായ ലോബിയുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് അമേരിക്ക ഈ യുദ്ധം ആരംഭിച്ചതെന്ന് കെന്റ് ആരോപിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം രാജിക്കത്ത് പരസ്യപ്പെടുത്തിയത്. സമാനമായ രീതിയിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാണ് അമേരിക്കയെ മുൻപ് ഇറാഖ് യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്നും ആയിരക്കണക്കിന് അമേരിക്കൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ട അത്തരം തെറ്റുകൾ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം കത്തിൽ കുറിച്ചു. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ കാര്യങ്ങളിൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുന്ന ഏജൻസിയുടെ തലവൻ തന്നെ ഇത്തരമൊരു നിലപാടുമായി രംഗത്തെത്തിയത് ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതിനിടെയാണ് യുദ്ധത്തെ ന്യായീകരിച്ച് യുഎസ് സെനറ്ററുടെ വിശദീകരണം വന്നത്.

ട്രംപിനെ ഇത്രയും കോപാകുലനായി കണ്ടിട്ടില്ലെന്ന് യുഎസ് സെനറ്റർ

ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാൻ വിമുഖത കാണിക്കുന്ന യൂറോപ്യൻ സഖ്യകക്ഷികളുടെ നിലപാടിൽ ട്രംപ് നിരാശനാണെന്ന് ലിൻഡ്സെ ഗ്രഹാം പറഞ്ഞു. ട്രംപ് ഇത്രയും ദേഷ്യപ്പെടുന്നത് താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ആണവായുധം നിർമിക്കുന്നത് തടയേണ്ടത് യുഎസിന്‍റെ മാത്രം ആവശ്യമാണെന്ന തരത്തിലുള്ള യൂറോപ്യൻ രാജ്യങ്ങളുടെ സമീപനം വളരെ ദയനീയമാണെന്നും സെനറ്റർ കുറ്റപ്പെടുത്തി. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക നീക്കത്തിന് മറുപടിയായി ഇറാൻ അടച്ചിട്ട ഹോർമുസ് ജലപാത സുരക്ഷിതമാക്കാൻ സഹായിക്കണമെന്നാണ് ട്രംപ് സഖ്യകക്ഷികളോട് ആവശ്യപ്പെട്ടത്. നിലവിലെ സംഘർഷത്തിൽ ഫ്രാൻസ് പങ്കാളികളല്ലെന്നും സംഘർഷം അവസാനിച്ചു കഴിഞ്ഞാൽ മാത്രമേ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ ഫ്രാൻസ് സഹായിക്കൂ എന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കിയിട്ടുണ്ട്. ഈ യുദ്ധം നാറ്റോയുടെ വിഷയമല്ലെന്ന് ജർമനിയും നിലപാടെടുത്തു. ജപ്പാൻ, ഓസ്‌ട്രേലിയ, പോളണ്ട്, സ്‌പെയിൻ, ഗ്രീസ്, സ്വീഡൻ എന്നീ രാജ്യങ്ങളും ഹോർമുസ് കടലിടുക്കിലെ സൈനിക ഇടപെടലിൽ നിന്ന് അകന്നു നിൽക്കുകയാണ്. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

YouTube video player