
ദില്ലി: രാജ്യത്തെ നടുക്കിയ ദില്ലിയിലെ ഒരു കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയില്‍ വഴിത്തിരിവായി സിസിടിവി ദൃശ്യങ്ങള്‍. ജൂണ്‍ 30 ന് കൂട്ട ആത്മഹത്യയ്ക്കായി ഇവര്‍ തയ്യാറെടുപ്പ് നടത്തിയിരുന്നു എന്ന് വ്യക്തമാക്കുന്ന തരത്തില്‍ ഓരോരുത്തരും മരണത്തില്‍ ഉപയോഗിക്കപ്പെട്ട ഓരോ വസ്തുക്കളായി കൊണ്ടുവരുന്നതിന്‍റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അന്വേഷണത്തില്‍ വീട്ടില്‍ നിന്നും പോലീസുകാര്‍ കണ്ടെടുത്തത് ഒമ്പതു സ്റ്റൂളുകള്‍ ആയിരുന്നു. പുതിയ വസ്ത്രങ്ങള്‍ തൂങ്ങിമരിക്കാന്‍ ഉപയോഗപ്പെടുത്തിയ കയറുകള്‍ അഞ്ച് സെല്‍ഫോണുകള്‍ ഒരു ഐപാഡ് എന്നിവ കണ്ടെത്തി.
ജൂണ്‍ 26 മുതല്‍ മുരാരി കുടുംബം മരണപൂജയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു എന്നാണ് പോലീസ് അനുമാനം. ക്ഷേത്രത്തിലെ പൂജാരിയുമായി ഭാവനേശ് കൂടിക്കാഴ്ച നടത്തിയിരുന്നു. കെട്ടിത്തൂങ്ങുമ്പോള്‍ ചരടിന് ബലം ലഭിക്കാന്‍ വേണ്ടി ഉപയോഗിക്കപ്പെട്ട ഡോക്‌ടേഴ്‌സ് ടേപ്പും വസ്ത്രങ്ങളും അടങ്ങിയ പായ്ക്കറ്റുമായി വരുന്നത് പിറ്റേന്ന് ലളിത് വരുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഹോമകുണ്ഠത്തില്‍ ഉപയോഗിക്കാന്‍ തടി ലളിത് കൊണ്ടുവരുന്നതും കാണാം.
ദുരൂഹമായി ഡയറികുറിപ്പുകള്‍
അതേ സമയം മരിച്ച ദളിതിന്‍റെ ഡയറി കുറിപ്പുകള്‍ പോലീസിനെ കുഴയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലളിതിന്‍റെ ഡയറിക്കുറിപ്പുകള്‍ ജൂണ്‍ 28 നും 30 നും ഇടയിലുള്ളതാണ്. പലചരക്ക് കടയിലെ 15 ദിവസത്തെ വരുമാനം പിന്‍വലിക്കാന്‍ സഹോദരന്‍ ഭാവനേശിനോട് ലളിത് ആവശ്യപ്പെട്ടിരുന്നു. അത്യാഹിതം നടന്ന ജൂണ്‍ 30 ന് ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് മംഗല്‍, ബുദ്ധ്, ശുക്ര, ഷാനി എന്നിങ്ങനെ നിഗൂഡാര്‍ത്ഥം വരുന്ന നാലു വാക്കുകള്‍ മാത്രമാണ്. അതേസമയം ഇത്തരം ഒരു ഡയറിയെക്കുറിച്ച് സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഇല്ലായിരുന്ന ലളിതിന്‍റെ മറ്റൊരു സഹോദരന്‍ ദിനേഷ് നിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
ലളിതിന്‍റെ സഹോദരന്‍ ദിനേഷ് പോലീസിനോട് പറഞ്ഞത് അത് മറ്റാരുടേയോ കൈപ്പടയാണെന്നായിരുന്നു. പ്രിയങ്കയുടെ വിവാഹവുമായി ബന്ധപ്പെട്ട് വീട്ടില്‍ ചെന്നപ്പോള്‍ ഇത്തരം ഒരു ഡയറി കണ്ടതായി പോലും അറിവില്ലെന്നാണ് ദിനേഷ് പറഞ്ഞത്. ബുരാരി പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച ചില കുടുംബാംഗങ്ങളെയും പോലീസ് ഡയറി കാണിച്ചിരുന്നു. എന്നാല്‍ അവരില്‍ നിന്നൊന്നും കാര്യമായ വിവരം കിട്ടിയിട്ടില്ല.
ലളിത് ഭാട്ടിയയുടെ ഭാര്യ ടീനയുടെ കുടുംബാംഗങ്ങളില്‍ നിന്നും മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന്‍റെ ഒരു വിഭാഗത്തെ രാജസ്ഥാനിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ജീവനക്കാരേയോ വീട്ടിലുള്ളവരേയോ ഒരു തരത്തിലും ഉപദ്രവിക്കാത്തതിനാല്‍ ലളിതിന്റെ പെരുമാറ്റങ്ങള്‍ വീട്ടുകാര്‍ ഗൗനിച്ചിരിക്കാന്‍ ഇടയില്ലെന്നാണ് ടീനയുടെ വീട്ടുകാര്‍ നല്‍കിയ വിവരം.
സാമ്പത്തിക നില മെച്ചപ്പെടുത്താനുള്ള പൂജ എന്നായിരുന്നു വീട്ടുകാരെ ലളിത് ധരിപ്പിച്ചിരുന്നതെന്നാണ് വിവരം. ലളിതിന്‍റെ ഡയറിയില്‍ പറഞ്ഞിരിക്കുന്നതിന് സമാനമായ കാര്യങ്ങള്‍ വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ പുനരാവിഷ്‌ക്കരിച്ചിരുന്നു. പുറത്തുനിന്നും ആരെങ്കിലും വന്നിരുന്നോ അതോ വീട്ടുകാര്‍ തനിയെയാണോ കൃത്യം നടത്തിയത് എന്ന് കൃത്യത വരുത്താന്‍ വേണ്ടിയായിരുന്നു.
സംഭവത്തില്‍ അയല്‍ക്കാര്‍, ബന്ധുക്കള്‍, പ്രിയങ്കയുടെ വരന്‍ എന്നിവര്‍ ഉള്‍പ്പെടെ 130 പേരെ ചോദ്യം ചെയ്‌തെങ്കിലും ഇത്തരം ഒരു പൂജയെക്കുറിച്ച് തങ്ങള്‍ക്ക് ഒരറിവും ഇല്ലായിരുന്നെന്നാണ് അവരെല്ലാം പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam